വാഹനങ്ങളിൽ മുൻ സീറ്റുകളിൽ പാസഞ്ചർ എയർബാഗുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചത്.

“വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ഒരു പ്രധാന സുരക്ഷാ സംവിധാനമെന്ന തരത്തിൽ നിർബന്ധിതമാക്കിയിട്ടുണ്ട്, മാത്രമല്ല റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്,” മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

“പുതിയ മോഡലുകളുടെ കാര്യത്തിൽ 2021 ഏപ്രിൽ ഒന്നിനും അതിനുശേഷവും നിർമിക്കുന്ന വാഹനങ്ങൾക്ക് എയർബാഗുകൾ നിർബന്ധമാണ്. നിലവിലുള്ള മോഡലുകളിൽ കാര്യത്തിൽ 2021 ഓഗസ്റ്റ് 31 ന് മുമ്പ് എയർബാഗുകൾ ഘടിപ്പിക്കണം” എന്ന് മന്ത്രാലയം അനുശാസിക്കുന്നു.

കാറുകളിലെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.

യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?

2021 ഏപ്രിൽ ഒന്നു മുതൽ പുതിയ മോഡലുകൾക്കും 2021 ജൂൺ ഒന്നു മുതൽ നിലവിലുള്ള വാഹനങ്ങൾക്കും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് 2020 ഡിസംബർ 29 ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതു ചർച്ചയ്ക്കായി മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2019 ജൂലൈ മുതൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്ത് എയർബാഗുകൾ നിർബന്ധമാണ്.

എം 1 വിഭാഗത്തിൽ പെടുന്ന അഥവാ എട്ടിൽ കൂടുതൽ സീറ്റ് ഇല്ലാത്ത യാത്രാ വാഹനങ്ങളിൽ നിലവിലുള്ള എല്ലാ മോഡലുകൾക്കും ഏറ്റവും പുതിയ ഉത്തരവ് ബാധകമാണ്. മാരുതി സുസുക്കി ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ-ആർ ഹ്യുണ്ടായ് സാൻട്രോ, ഡാറ്റ്സൺ റെഡി-ഗോ, മഹീന്ദ്ര ബൊലേറോ തുടങ്ങിയവയുടെ ബേസ് മോഡലുകൾ ഒരു വശത്ത് എയർബാഗ് ഇല്ലാതെയാണ് വിൽക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ മോഡലുകൾ പുതുക്കേണ്ടിവരും. അതിനായി നിർമാതാക്കൾക്ക് 2021 ഓഗസ്റ്റ് 31 വരെ സമയമുണ്ട്.

ലോകത്തിലെ ആകെ റോഡ് അപകടത്തിൽ 10ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. മുന്നിലുള്ള രണ്ടാമത്തെ സീറ്റിലും എയർബാഗ് വരുന്നതോടെ അപകടമുണ്ടായാൽ ആഘാതത്തിന്റെ തീവ്രത കുറച്ചുകൊണ്ട് സുരക്ഷാ നില മെച്ചപ്പെടുത്താനാവും. ഒപ്പം ഡ്രൈവറുടെ അരികിലിരിക്കുന്ന യാത്രക്കാർക്ക് അധിക പരിരക്ഷ ലഭിക്കും.

വാഹനം കൂട്ടിയിടിക്കുമ്പോൾ യാത്ര ചെയ്യുന്നയാൾക്കും ഡാഷ്‌ബോർഡിനും ഇടയിൽ ഒരു സംരക്ഷണ പ്രതലമായി ഈ എയർബാഗ് വികസിച്ചുവരും. മിതമായതും കഠിനമായതുമായ തരത്തിൽ വാഹനത്തിന്റെ മുൻഭാഗം ഇടിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ തലയും നെഞ്ചും വാഹനത്തിലെ കഠിനമായ ഭാഗങ്ങളിൽ ഇടിക്കുന്നതിൽ നിന്ന് തടയുന്ന തരത്തിലാണ് ഫ്രണ്ട് എയർബാഗുകൾ രൂപകൽപ്പന ചെയ്തത്.

ഓരോ ദിവസവും 415 പേർ റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്ത്, ഒരു എയർബാഗ് അക്ഷരാർത്ഥത്തിൽ ജീവൻ സംരക്ഷിക്കാനുള്ള ഒരു മാർഗം ആകാം. യുഎസിൽ ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻ‌എച്ച്‌ടി‌എസ്‌എ) നടത്തിയ ഗവേഷണത്തിൽ 44,869 പേരുടെ ജീവൻ ഫ്രണ്ടൽ എയർബാഗുകൾ കാരണം രക്ഷിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻഭാഗം ഇടിച്ചുള്ള അപകടങ്ങളിൽ ഡ്രൈവർ മരണപ്പെടാനുള്ള സാധ്യത 29 ശതമാനവും ഫ്രണ്ട് സീറ്റ് യാത്രക്കാരുടേത് 32 ശതമാനവും കുറയ്ക്കാൻ ഫ്രണ്ട് എയർബാഗുകൾക്ക് കഴിയും. മുൻവശം ഇടിച്ചുള്ള അപകടങ്ങളിൽ മരണസാധ്യത 61 ശതമാനം കുറയ്ക്കാൻ എയർബാഗുകളും സീറ്റ് ബെൽറ്റുകളും ഒരുമിച്ച് ഉപയോഗിക്കുന്നത് സഹായിക്കുന്നുവെന്ന് എൻ‌എച്ച്‌ടി‌എസ്‌എ കണക്കാക്കുന്നു. എയർബാഗുകൾ മാത്രം 34 ശതമാനം കുറയ്ക്കുന്നുവെന്നും എൻ‌എച്ച്‌ടി‌എസ്‌എ പറയുന്ന.

സർക്കാരിന്റെ തീരുമാനം പ്രകാരം തീർച്ചയായും ചെലവ് അധികം വരും. ആ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരും. സർക്കാർ തീരുമാനത്തിന്റെ ഫലമായി മാറ്റം വരുത്തുന്ന വേരിയന്റുകളുടെ വില 5,000-8,000 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എയർബാഗ് പോലുള്ള ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾക്ക് വേണ്ടിയാണെന്ന് പരിഗണിക്കുമ്പോൾ ചെറിയ വിലയാണിത്.