സംസ്ഥാനത്ത് മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (35), പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി. രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍. ശബരീഷ് (27), തെങ്കര സ്വദേശിനി സരോജിനി (56) എന്നിവരാണ് മരണപ്പെട്ടത്.

ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീര്‍ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം സ്വദേശി ശബരീഷിന് ഇന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് തെങ്കര സ്വദേശിനി സരോജിനി കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കണ്ണൂരിലും തൃശൂരിലും വയലുകളില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏക്കറുകണക്കിന് ഭൂമിയണ് കത്തി നശിച്ചത്. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളിലാണ് തീപിടിച്ചത്. വൈകിയും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്‌സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് തടസമാകുകയായിരുന്നു. ഇപ്പോഴും പ്രദേശത്താകെ ചുടും പുക പടര്‍ന്ന അവസ്ഥയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശൂരിലും സമാന അവസ്ഥ ആയിരുന്നു. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവന്‍. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.

പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രേഖപ്പെടുത്തിയത് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. പാലക്കാട് ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും കോഴിക്കോട് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ ഈ ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു ജില്ലകളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.