രണ്ട് വര്‍ഷത്തിലേറെയായി വിരാട് കോഹ്ലി നേരിടുന്ന ഫോം ഔട്ടിന് കാരണമെന്താണെന്ന ചര്‍ച്ച സജീവമാണ്. കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് തന്നെയാണ് കോഹ്ലിക്കും ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാവില്ല. കോഹ്ലി ഫോം ഔട്ടായി തുടങ്ങിയ വേളയില്‍ കപില്‍ ദേവ് തന്നെ ഇത് ചൂണ്ടിക്കാണിച്ചതാണ്.
കോഹ്ലിയുടെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നമാകാം മോശം പ്രകടനത്തിന് പിന്നിലെന്നാണ് അന്ന് കപില്‍ പറഞ്ഞത്. ‘ഒരു പ്രായത്തിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോലിക്ക് ടൈമിംഗ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നമാണ്.’
‘വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുകയാണെങ്കില്‍ അത് പരിശീലനത്തിന്റെ കുറവാണെന്ന് പറയാന്‍ സാധിക്കുമോ? അത് അവന്റെ കാഴ്ചക്കുറവിന്റെ പ്രശ്നമാണ്. ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും. 18-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍.’ 2020 മാര്‍ച്ചില്‍ എബിപി ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞതാണിത്.
ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സും കപില്‍ ദേവുമെല്ലാം തങ്ങളുടെ കരിയറിന്റെ അവസാന സമയത്ത് കാഴ്ചശക്തി എങ്ങനെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കരിയറിന്റെ അവസാന കാലത്ത് കളിച്ചിരുന്നത് കണ്ണട ധരിച്ചുകൊണ്ടായിരുന്നു. കോഹ്ലിയുടെ കാര്യത്തില്‍ ഇതാണോ സംഭവിക്കുന്നതെന്ന് വ്യക്തതയില്ലെങ്കിലും, ഈ കാര്യം സംഭവിക്കായ്കയില്ല.
Leave a Reply