ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം എന്നീ ആപ്പുകളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനം മുന്നോട്ട് നീട്ടി മെറ്റാ കമ്പനി. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയക്കുന്ന സന്ദേശങ്ങൾ അധികൃതർക്കോ മെറ്റ കമ്പനിയ് ക്കോ ഉൾപ്പെടെ മൂന്നാമതൊരാൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഈ സംവിധാനം. എന്നാൽ ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന വിമർശനങ്ങളെ തുടർന്നാണ് തീരുമാനം നടപ്പിലാക്കുന്നത് മുന്നോട്ടു നീട്ടി വയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു പലപ്പോഴും ഇത്തരം പ്രൈവറ്റ് മെസ്സേജുകൾ ഉപയോഗപ്പെടുത്തുമെന്ന് നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു ചിൽഡ്രൻ (എൻ എസ്‌ പി സി സി ) ആരോപിച്ചു. ഈ സംവിധാനം നിയമ വ്യവസ്ഥയെ ബാധിക്കുമെന്നും, കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സഹായിക്കുമെന്നും യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആരോപിച്ചു.


വാട് സ്ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിൽ സന്ദേശം അയച്ച ആളുടെ ഫോണോ, ലഭിച്ചയാളുടെ ഫോണോ അല്ലാതെ മൂന്നാമതൊരാൾക്ക് അത് ചോർത്തിയെടുക്കാൻ സാധിക്കില്ല. ഈ മെസ്സേജിങ് സംവിധാനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്ന് നിരവധി പേർ പ്രതികരിച്ചു.എൻഎസ് പിസിസിപുറത്തുവിട്ട വിവരത്തിൽ ഏകദേശം ഇംഗ്ലണ്ട്, വെയിൽസ് സ് കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രമായി 9470 കേസുകളാണ് ഇത്തരത്തിൽ ഓൺലൈൻ രീതിയിലൂടെ കുട്ടികളെ ചൂഷണം ചെയ്യുവാൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്താനുള്ള സംവിധാനവും ഇല്ലാതാകുമെന്നാണ് വിമർശനം. എന്നാൽ ഈ സംവിധാനം ഗുണപ്രദമാണെന്ന നിലപാടെടുക്കുന്നവരും ഉണ്ട്. ഗവൺമെന്റോ, മറ്റ് ഹാക്കർമാരോ വ്യക്തികളുടെ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ല എന്ന് ഈ സംവിധാനം ഉറപ്പുവരുത്തുന്നു.