നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണ് ഫെയ്‌സ്ബുക്ക് . ബി.ജെ.പിയോട് രാഷ്ട്രീയ അനുഭാവം കാണിച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ രാജിവച്ചു

നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണ്  ഫെയ്‌സ്ബുക്ക് . ബി.ജെ.പിയോട് രാഷ്ട്രീയ അനുഭാവം കാണിച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍   രാജിവച്ചു
October 27 15:42 2020 Print This Article

.
ന്യൂഡല്‍ഹി: ബി.ജെ.പിയോട് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കിദാസ് രാജിവച്ചു. ഫെയ്‌സ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹനാണ് അങ്കി ദാസിന്റെ രാജിവാര്‍ത്ത പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്നു അങ്കിദാസ്. ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ചയില്‍ അവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അജിത് മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അങ്കിദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നയരൂപീകരണ വിഭാഗം മേധാവിയായ അങ്കിദാസിന് പുറമെ ബിസിനസ് വിഭാഗം മേധാവി അജിത്ത് മോഹനും പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണത്. അങ്കി ദാസ് വഴി ഫെയ്‌സ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ബി.ജെ.പി നേതാവ് രാജാ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വാള്‍ സ്ട്രീറ്റിന്റെ വെളിപ്പെടുത്തല്‍. ഈ വിവാദങ്ങളാണ് അങ്കിദാസിന്റെ രാജിയില്‍ കലാശിച്ചിരിക്കുന്നത്.

അതേസമയം ഫെയ്‌സ്ബുക്കിന് രാഷ്ട്രീയമില്ലെന്നും പുതിയ ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് വിധേനയുമുള്ള വെറുപ്പും വിദ്വേഷവും തള്ളിപ്പറയുന്നുവെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ നീല്‍ പോട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിനെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതം, ജാതി, വംശം, ദേശീയത തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷ പ്രചാരണം അനുവദിക്കില്ല. അത്തരം ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്നും അപ്രകാരം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles