ന്യൂയോര്‍ക്ക്: ലോകം കീഴടക്കിയാല്‍ മാത്രം പോര, അതുക്കും മേലെ നില്‍ക്കണമെന്നതാണ് ഫേസ്ബുക്കിന്റെ സമീപനമെന്ന് തോന്നും ഓരോ പുതിയ ഫീച്ചറുകളുടെയും അവതരണം കണ്ടാല്‍. ഇപ്പോള്‍ ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്ന സമയ നിര്‍ണ്ണയത്തിന്റെ രീതിയെയും പൊളിച്ചടുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. സമയത്തിന് ഒരു പുതിയ യൂണിറ്റാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഒരു ഫ്‌ളിക്ക് എന്നത് സെക്കന്‍ഡിന്റെ 705,600,000ല്‍ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. അഥവാ 1.42 നാനോസെക്കന്‍ഡ്. ഈ നിര്‍വചനം സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ക്കും കമ്പ്യൂട്ടര്‍ ജനറേറ്റഡ് വിഷ്വല്‍ കലാകാരന്‍മാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകും.

ആപ്പുകളിലും മറ്റും വീഡിയോകള്‍ സുഗമമായി സ്ട്രീം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശദീകരണം. ഫേസ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിലാണ് ഈ ഫ്‌ളിക്കുകള്‍ പിറന്നത്. ഫ്രെയിം ടിക്ക് എന്ന വാക്കിന്റെ മറ്റൊരു രൂപമാണ് ഇത്. സമയത്തിന്റെ ഏറ്റവും ചെറിയ രൂപവും നാനോസെക്കന്‍ഡിനേക്കാള്‍ വലുതുമാണ് ഇത്. C++ ലാംഗ്വേജിനുവേണ്ടിയാണ് ഈ പുതിയ യൂണിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും സ്‌ക്രീന്‍ റിഫ്രഷ് റേറ്റുകള്‍ സെക്കന്‍ഡുകളുടെ അംശത്തിലാണ് കണക്കാക്കുന്നത്. ഇത് പ്രോഗ്രാമര്‍മാര്‍ക്ക് ചില കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സങ്കേതത്തിന് കഴിയുമെന്നാണ് കരുതുന്നത്.

വീഡിയോകളുടെ ഫ്രെയിംറേറ്റ് വിഭജനത്തിനായാണ് ഈ യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്, കിലോഹെര്‍ട്‌സ് തുടങ്ങിയ യൂണിറ്റുകള്‍ക്ക് തുല്യമായ ഒന്നായി ഫ്‌ളിക്‌സിനെ പരിഗണിച്ചാല്‍ അത് ശാസ്ത്രലോകത്തിന് ഫേസ്ബുക്ക് നല്‍കുന്ന ഒരു വലിയ സംഭാവനയായി മാറും.