ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് പാര്‍ട്ടികള്‍. ഇപ്പോഴിതാ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തുവിട്ടെന്ന കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പട്ടിക പ്രചരിച്ചത്. 27 പേരുള്‍പ്പെടുന്ന പട്ടികയിലെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലിംകളാണെന്നും കുറിപ്പില്‍ പറയുന്നു.
‘ഡല്‍ഹി നിവാസികള്‍ കരുതിയിരിക്കണം, ഇല്ലെങ്കില്‍ ഡല്‍ഹി മറ്റൊരു കശ്മീരാകുന്ന കാലം വിദൂരമല്ല. സീലാംപുര്‍, ഓഖ്‌ല, ഷഹീന്‍ബാഗ്, ജസോല, എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വോട്ട് ചെയ്യാന്‍ തയ്യാറായി. വികസനത്തിനും സത്യസന്ധതയ്ക്കും കാര്യമില്ല’- ഫേസ്ബുക്കില്‍ പ്രചരിച്ച കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ആം ആദ്മി ഇത്തരമൊരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിസ്റ്റാണെന്നും ആം ആദ്മിയുടെ ഐടി സെല്‍ തലവന്‍ അങ്കിത് ലാല്‍ സ്ഥരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ജനുവരി 14-ന് മുന്‍പ് പുറത്തു വിടുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജനുവരി 14-ന് മുന്‍പ് പുറത്തു വിടും എന്നാണ് വിവരം.ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജനുവരി മൂന്നാം വാരം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply