കൗമാരത്തെ മരണകെണിയിലേക്ക് നയിക്കുന്ന ബ്ലൂവെയിൽഗെയിം കേരളത്തിൽ വരില്ല എന്നു പരിഹസിച്ചവർ ഈ അമ്മയുടെ വാക്കുകൾ കേൾക്കാതെ പോകരുത്. ബ്ലൂ വെയ്‍ൽ എന്ന കൊലയാളിക്കളി കേരളത്തെയും നടുക്കിയിരിക്കുകയാണ് ‍. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരന് മനോജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ അനു കേരളത്തിലെ പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. മരണത്തിന് മുമ്പ് മകനിൽ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അനു സംസാരിക്കുന്നു.

ബ്ലൂവെയിൽ ഗെയിം കളിക്കുന്നതിന് മുമ്പ് മനോജിന്റെ സ്വഭാവം എങ്ങനെയായിരുന്നു?

മനുവിനെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ലായിരുന്നു. നന്നായി പഠിക്കുന്ന, എല്ലാവരോടും അടുപ്പവും ബഹുമാനവുമുള്ള കുട്ടിയായിരുന്നു. ഞങ്ങൾക്ക് മനുവിനെക്കൂടാതെ ഒരു മകളുമുണ്ട്. മക്കളുടെ അച്ഛൻ ഗൾഫിലായതുകൊണ്ട് അവരെ തനിച്ചുവളർത്തിക്കൊണ്ടുവരുകയായിരുന്നു. ആരെക്കൊണ്ടും മോശം പറയിപ്പിക്കരുതെന്ന നിർബന്ധം ഉണ്ടായിരുന്നു. ബന്ധുക്കൾക്കും അധ്യാപകർക്കും അവനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്തു ചെറിയകാര്യവും അവന് എന്നോട് പറയാറുണ്ടായിരുന്നു.

പതിനാറ് വയസുണ്ടെങ്കിലും ചെറിയ കുട്ടികളുടെ മനസായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചെറുതായി വഴക്കുപറഞ്ഞാൽ തന്നെ അവൻ കരയും. കരഞ്ഞ് പിറ്റേന്ന് പനിയൊക്കെ വരുത്തിവയ്ക്കും. അതുകൊണ്ട് ആരും അവനെ വഴക്കൊന്നും പറയാറില്ലായിരുന്നു. പറയേണ്ട ആവശ്യങ്ങളും വന്നിട്ടില്ല. പൊന്നുപോലെയാണ് വളർത്തിക്കൊണ്ടുവന്നത്.

എപ്പോഴാണ് മകനിൽ മാറ്റങ്ങൾ പ്രകടമായത്?

നവംബറിലാണ് ആദ്യമായിട്ട് അവന് എന്നോട് ബ്ലൂവെയിൽ എന്ന ഗെയിമിനെക്കുറിച്ച് പറയുന്നത്. തിമിംഗലത്തിന്റെ ഒരു കളിയുണ്ട് അമ്മേ, അത് കളിച്ച് അതിന്റെ അവസാനം ആരെയെങ്കിലും കൊല്ലേണ്ടിവരും അത് അല്ലെങ്കിൽ ആത്മഹത്യചെയ്യും എന്ന് പറഞ്ഞിരുന്നു. അന്ന് അത് ഞാൻ തമാശയായിട്ടാണ് കണ്ടത്, ഓ പിന്നെ തിമിംഗലം വന്നുപറഞ്ഞാൽ ആരേലും മരിക്കുമോ എന്ന് ചോദിച്ചു? പിന്നെയും അവന് ഈ കളിയെക്കുറിച്ച് ആവർത്തിച്ചപ്പോൾ പേടിയായി. ഇത് കളിക്കില്ലെന്ന് മുത്ത് അമ്മയുടെ കൈയിൽ തൊട്ട് സത്യം ചെയ്യണമെന്ന് പറഞ്ഞു. അവന് സത്യവും ചെയ്തു. പക്ഷെ….

പതിയെ പതിയെയാണ് മകനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. എല്ലാവരോടും അടുപ്പമുണ്ടായിരുന്ന കുട്ടി ആരോടും സംസാരിക്കാതെയായി.തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടു. എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ഉടനെ അവന് പൊട്ടിത്തെറിക്കാൻ തുടങ്ങി. അവന് അവന്റേതായ ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു. സ്ക്കൂളിൽ നിന്നും തിരിച്ചുവന്നാലുടൻ ഫോണും എടുത്ത് മുറിയുടെ വാതിലടയ്ക്കും, ചാർജ്ചെയ്യാൻവച്ച് പുറത്തിറങ്ങിയാലും ഇടയ്ക്ക് ഫോണിന്റെ അടുത്തേയ്ക്ക് ഓടും. രാത്രി രണ്ടുമണിക്കൊക്കെ അവന് കംപ്യൂട്ടറും ഫോണുമായി ഇരിക്കുമായിരുന്നു. ഭക്ഷണത്തോടുപോലുമുള്ള താൽപര്യം കുറഞ്ഞു. ഇടയ്ക്കവൻ മരണത്തെക്കുറിച്ച് പറയുമായിരുന്നു. ഞാൻ പോയാൽ അമ്മയ്ക്ക് വിഷമം ആകുമോ? അമ്മ അത് തരണം ചെയ്യണം, എനിക്ക് തരുന്ന സ്നേഹം കൂടി അനിയത്തിക്ക് കൊടുക്കണം എന്നൊക്കെ പറഞ്ഞു. അന്ന് ഞാൻ അവനെ വിളിച്ച് അടുത്തിരുത്തി മോൻ അങ്ങനെയൊന്നു പറയരുത്. അമ്മയെവിട്ട് പോകരുതെന്ന് നൂറുവട്ടം പറഞ്ഞു. അപ്പോഴൊന്നും മകൻ ഈ ഗെയിമിന്റെ പിടിയിലാണെന്ന് എനിക്ക് മനസിലായില്ല.

എന്തെങ്കിലും അസ്വഭാവിക പ്രവർത്തികൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നോ?

തനിയെ ഒരു സ്ഥലത്ത് പോകാൻ പോലും പേടിച്ചിരുന്ന കുട്ടി വളരെപെട്ടന്നാണ് ധൈര്യശാലിയായത്. സാഹസികതകളൊക്കെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു ദിവസം കൂട്ടുകാരന്റെ കുടുംബത്തോടൊപ്പം മ്യൂസിക്ക്പ്രോഗ്രാമിന് പോകണമെന്നു പറഞ്ഞ് പോയി. പക്ഷെ അവന് അവരോടൊപ്പം പോകുന്നതിന് പകരം ശംഖുമുഖം കടപ്പുറത്ത് പോയി തനിയെ ഇരുന്നു. നേരം നന്നായി ഇരുട്ടിക്കഴിഞ്ഞാണ് തിരികെ വന്നത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവന് എന്നോടത് പറയുകയും ചെയ്തു. ഒരു ദിവസം കൈയിൽ കോമ്പസ് കൊണ്ടുവരഞ്ഞ പാടുകണ്ടു. എന്താണെന്ന് ചോദിച്ചപ്പോൾ ഫുട്ബോൾ കളിച്ചപ്പോൾ താഴെ വീണു മുറിഞ്ഞതാണെന്ന് പറഞ്ഞു. കൂട്ടുകാരോട് വീട്ടിൽവച്ച് ഗ്ലാസ്കൊണ്ടുമുറിഞ്ഞതാണെന്നും പറഞ്ഞു. വീട്ടിൽ നിന്നു തന്നെ മുറിവുണ്ടാക്കിയിട്ട് ഫുൾകൈ ബനിയനിട്ട് പോവുകയായിരുന്നുവെന്ന് പിന്നീട് മനസിലായി. പിന്നപ്പിന്നെ കൂട്ടുകാരുടെ വീട്ടിൽ ചെന്നാലും ഒരുമൂലയ്ക്ക് ഒറ്റയ്ക്ക് മാറി ഇരിക്കാൻ തുടങ്ങി. പരീക്ഷയ്ക്കുമുമ്പ് എനിക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്നു പറഞ്ഞ് വാശിപിടിച്ചു. വെക്കേഷനായതോടെ അത് പറയാതെയായി. സിനിമയോടൊന്നും താൽപര്യമില്ലായിരുന്നു അവന്. പക്ഷെ മരണത്തിന് മുമ്പ് സ്ഥിരമായി ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. ഞങ്ങൾ അന്ന് കളിയാക്കുകയും ചെയ്തിരുന്നു. നിനക്കെന്താടാ തമിഴും തെലുങ്കും ഒന്നും വേണ്ടേ എന്ന്.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അവന് അച്ഛനോട് സെക്കൻഡ്ഷോ കാണണമെന്ന് ആവശ്യപ്പെട്ടു. വീടിനടുത്താണ് തീയറ്റർ. സിനിമ കാണാൻ താൽപര്യമില്ലാതിരുന്നതുകൊണ്ട് അവനെ അവിടെയാക്കിയിട്ട് അദ്ദേഹം തിരിച്ചുപോന്നു. മോന് സിനിമ കാണാതെ അടുത്തുള്ള സെമിത്തേരിയിൽ പോയിരുന്നു. അതിനും മുമ്പ് ഒരു ദിവസം നന്തൻകോട്ട് കൂട്ടകൊലപാതകം നടത്തിയ കേഡൽ ജെൻസൻ രാജയുടെ വീടിന്റെ മതിൽചാടി, പൊലീസിന്റെ പ്രവേശനാനുമതിയില്ലാത്ത സ്ഥലത്തും പോയി. ഇതുവന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ വിലക്കിയിരുന്നു, പൊലീസ് പിടിച്ചാൽ പ്രശ്നമാണെന്നൊക്കെ ഉപദേശിച്ചു. അന്നവൻ പറഞ്ഞത് അവിടെയ നെഗറ്റീവ് എനർജിയാണോ പൊസിറ്റീവ് എനർജിയാണോ എന്ന് അറിയാനാണ് പോയതെന്നാണ്. നീന്തൽപോലും അറിയാത്ത കുട്ടി ആഴമുള്ള പുഴയിൽ എടുത്തുചാടുക വരെ ചെയ്തു.

മകന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വേണ്ടപ്പെട്ടവരുമായി പങ്കുവച്ചിരുന്നോ?

ഞാൻ എന്റെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ അവരൊക്കെ കൗമാരത്തിലെ ഹോർമോൺവ്യതിയാനമാണ്, കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് സ്വാഭാവികമാണ്. അതൊന്നും അത്ര കാര്യമാക്കേണ്ട എന്നു പറഞ്ഞു. ഞാനും അപ്പോൾ കരുതി ശരിയായിരിക്കും കൗമാരത്തിന്റെ പ്രശ്നങ്ങളായിരിക്കും മകന് കാണിക്കുന്നതെന്ന്. കൂട്ടൂകാർ മോന്റെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ വേണ്ടപ്പെട്ടവരുടെ നിർദേശമനുസരിച്ചാണ് ചെയ്യുന്നതെന്നായിരുന്നു മറുപടി.

മകന്റെ മൊബൈൽഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നില്ലേ?

മോന് പണ്ടുതൊട്ടേ സോഫ്റ്റ്‌വയറുകളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും അറിയാമായിരുന്നു. ഞാനും ഒരു സോഫ്റ്റ്‌വയർ എൻജിനിയറാണ്. അവന് പ്രോഗ്രാമുകളെക്കുറിച്ചൊക്കെ ഞാനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ഫോണും കമ്പ്യൂട്ടറും ഏഴാംക്ലാസ് മുതൽ അവന് ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ നിയന്ത്രണത്തിന് പോയിരുന്നില്ല. ഇത്തരമൊരു അപകടക്കളിയിൽചെന്ന് ചാടുമെന്ന് വിചാരിച്ചിരുന്നില്ല.

എങ്ങനെയാണ് മകന്റെ മരണത്തിന് കാരണം ബ്ലൂവെയിലാണെന്ന് മനസിലാകുന്നത്?

ഈയിടെയായിട്ട് വരുന്ന വാർത്തകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. വാർത്തകളിൽ പറയുന്ന എല്ലാപ്രവർത്തിയും എന്റെ മകൻ ചെയ്തിട്ടുണ്ടായിരുന്നു. എന്റെ മകന് ആത്മഹത്യചെയ്തതിന്റെ കാരണം എനിക്ക് അറിയണമായിരുന്നു. കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും ഒന്നും വീണ്ടും കാണാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നിട്ടുപോലും ഞാൻ ഫോൺ പരിശോധിച്ചു. അപ്പോഴാണ് വെള്ളത്തിൽ ചാടുന്ന വീഡിയോയും ചില ഫോട്ടോസുമൊക്കെ കാണുന്നത്. അതിന് ബ്ലൂവെയിൽ കളിയുമായി സാദൃശ്യമുണ്ടായിരുന്നു. ഫോണിൽ നിന്ന് കളി അവന് ഡിലീറ്റ് ചെയ്തിരുന്നു. പാസ്‌വേർഡ് പ്രൊട്ടക്ഷനിലൂടെ ഫോൺ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സംശയം ബലപ്പെട്ടതോടെ സൈബർസെല്ലിലും പരാതിനൽകുകയായിരുന്നു. എന്റെ മകന്റെ മരണത്തിന്റെ വേദന മാറുന്നതിന് മുമ്പ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത് ഇനിയുമൊരു ജീവൻ നഷ്ടപ്പെടരുതെന്നുള്ളത് കൊണ്ടാണ്.