ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എൻഎച്ച്എസ് മെറ്റേണിറ്റി വാർഡുകളിലെ ആവർത്തിച്ചുള്ള പ്രസവ പരാജയങ്ങൾ കാരണം, ഗർഭിണികൾ പ്രസവിക്കാൻ ഭയപ്പെടുന്നതായി ജനിച്ച് അധികം താമസിയാതെ തന്നെ തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികൾ അവകാശപ്പെടുന്നു. 21 മിനിറ്റോളം ഓക്സിജൻ ലഭിക്കാതെ വന്നതിനെ തുടർന്നാണ് 2021-ൽ ആലിസണിനും റൂത്ത് കൂപ്പർ-ഹാളിനും തങ്ങളുടെ മകൻ ഗൈൽസിനെ നഷ്ടപ്പെട്ടത്. സ്റ്റാഫുകളുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകട സൂചനകൾ ലഭിച്ചിട്ടും കൃത്യമായ നടപടികൾ കൈക്കൊള്ളാൻ സാധിക്കാതെ വന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റൂത്ത് വ്യക്തമാക്കി.
ഇംഗ്ലണ്ടിൽ ഉടനീളമുള്ള ആശുപത്രികളിൽ ഇത്തരത്തിൽ മെറ്റേണിറ്റി വാർഡുകളിൽ നിലനിൽക്കുന്ന നിരവധി അനാസ്ഥകൾക്കെതിരെ ഈ ദമ്പതികൾ ശബ്ദമുയർത്തിയിരിക്കുകയാണ്. ആരോഗ്യ സേവനരംഗത്ത് വ്യവസ്ഥാപരമായ ഒരു മാറ്റം ആവശ്യമാണെന്ന് ഇവർ വ്യക്തമാക്കുന്നു. ഷ്രൂസ്ബറി, ടെൽഫോർഡ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നടത്തിയ അന്വേഷണത്തിൽ ഇവിടെ മാത്രം പരിപാലനത്തിനുള്ള അനാസ്ഥ മൂലം 300 കുഞ്ഞുങ്ങൾ മരിക്കുകയോ മസ്തിഷ്കത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിട്ടുള്ളതായി കണ്ടെത്തി. അതേസമയം, നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ പുതിയ അന്വേഷണം സമാനമായ 1,700 കേസുകളിൽ അന്വേഷിക്കും.
എൻഎച്ച്എസ് പ്രസവ വാർഡുകളിൽ അഞ്ചിൽ രണ്ടെണ്ണം പോലും സുരക്ഷിതമല്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെറ്റേണിറ്റി കെയറിലെ ആവർത്തിച്ചുള്ള പിഴവുകൾ കൂടുതൽ സ്ത്രീകളെ അവരുടെ ഗർഭധാരണത്തെക്കുറിച്ച് ആശങ്കാകുലരാക്കുന്നുവെന്ന് കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികളിൽ ഒരാളായ, സെക്കൻഡറി സ്കൂൾ അധ്യാപകൻ ആലിസൺ കൂപ്പർ-ഹാൾ വ്യക്തമാക്കി. ഇത്തരം അനാസ്ഥകൾ ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും, പൊതുവേയുള്ള ആരോഗ്യ സംവിധാനത്തിൽ ഇത് സാധാരണമായി മാറിക്കഴിഞ്ഞെന്നുമുള്ള കുറ്റപ്പെടുത്തലാണ് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരം നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് വ്യക്തമാക്കി കഴിഞ്ഞു
Leave a Reply