കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യറിന് കുരുക്കായത് പൊലീസിന്റെ അപ്രതീക്ഷിത നീക്കം. കോടതിയിൽ കീഴടങ്ങാനെത്തിയ സെസി സേവ്യർ വീണ്ടും മുങ്ങിയത് വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയതോടെയാണ്. പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നോർത്ത് പൊലീസ് കേസെടുത്തിരുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു.

ഇതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രതി കോടതിയിലെത്തുകയും, നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അഭിഭാഷകൻ മുഖേന അപേക്ഷ നൽകുകയും ചെയ്തെങ്കിലും അൽപം കഴിഞ്ഞ പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി.

ഇക്കാര്യം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദു‍ൽ ഖാദർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അപേക്ഷ അവിടെ നൽകാൻ അഭിഭാഷകർക്കു നിർദേശം നൽകി. ​തുടർന്നു പുറത്തിറങ്ങിയ സെസി രക്ഷപ്പെടുകയായിരുന്നു. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി.

പിന്നീട് ലൈബ്രേറിയനുമായി. അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. എസ്. ബിന്ദുരാജ് എന്നിവർ ഹാജരായി.

  താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി ചീങ്കണി; സോഷ്യൽ മീഡിയയിൽ വൈറലായി വിഡിയോ

ആദ്യം ഉൾപ്പെടുത്തിയ വകുപ്പുകൾ കൂടാതെ ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് അധിക വകുപ്പുകൾ ചുമത്തിയതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ച് സെസി തിരികെ പോയതെന്ന് അഭിഭാഷകരായ ഫ്രാൻസിസ് മംഗലത്തും എസ്.ബിന്ദുരാജും പറഞ്ഞു.ആദ്യ കുറ്റാരോപണ പ്രകാരം ഇന്ത്യയിലെ ഏതു കോടതിക്കും പ്രതിക്ക് ജാമ്യം നൽകാമെന്നിരിക്കെയാണ് കക്ഷി ഹാജരാകാൻ എത്തിയത്.

അധിക കുറ്റം ചുമത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്നു സംശയിച്ച് തിരികെ പോയി. ഇനി ഹൈക്കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കും. പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്കെതിരെ ബാർ അസോസിയേഷന് നടപടിയെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും അവർ പറഞ്ഞു. പ്രതിക്കുവേണ്ടി ഹാജരാകുമ്പോൾ അസോസിയേഷന്റെ താൽപര്യം നോക്കേണ്ടതില്ലെന്നും പറഞ്ഞു.

അതേസനമയം, സെസി സേവ്യർ പ്രതിയായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അസോസിയേഷൻ അംഗങ്ങളാരും കോടതിയിൽ ഹാജരാകരുതെന്നു നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇന്നലെ പ്രതിക്കുവേണ്ടി അംഗങ്ങളായ അഭിഭാഷകർ ഹാജരായതിനെ യോഗം അപലപിച്ചു. ഇവർക്കെതിരെ നടപടി ആലോചിക്കാൻ ഇന്നു 2.30ന് അസോസിയേഷൻ ജനറൽ ബോഡി ചേരും.