ശബരിമല വിഷയത്തിന്റെ മറവില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വിഭാഗീയത പരത്താനുള്ള കെ.പി. ശശികലയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ വ്യാജപ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്.
സദസിന്റെ നിറഞ്ഞ കൈയടികള്‍ക്കിടെയാണ് ഇത്തരത്തില്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ഇവര്‍ വിളിച്ചുപറഞ്ഞത്. ശശികലയുടെ പ്രസംഗം മറയാക്കി ചിലര്‍ സോഷ്യല്‍ മീഡിയവഴി പ്രചാരണവും തുടങ്ങി. ഇതിനെ പൊളിച്ചടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ദേവസ്വം മന്ത്രിയുടെ പ്രസംഗവും വന്നത്.
ശശികല പറഞ്ഞതിങ്ങനെ- ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ… ഇങ്ങനെ പോകുന്നു ശശികലയുടെ പ്രസംഗം. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖര്‍ അണിനിരന്ന സദസില്‍ വച്ചാണ് ശശികല ഈ പച്ചക്കള്ളം മൈക്ക് വച്ചുകെട്ടി പ്രസംഗിച്ചത്.
സത്യത്തില്‍ ശശികല പറഞ്ഞതില്‍ ഒരു തരിമ്പും സത്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അഹിന്ദുവായ ഒരാള്‍ക്കു പോലും ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിക്കില്ല. ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ മുഴുവന്‍ പേരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. സത്യം ഇങ്ങനെയാണെന്നിരിക്കെ പച്ചക്കള്ളം പറഞ്ഞു മതവിദ്വേഷം ആളിക്കത്തിക്കുകയാണു ശശികല ചെയ്തതെന്നാണ് ആരോപണം.
ശശികലയുടെ കള്ളത്തരം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ പ്രസംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേന്ദ്രന് ഈ വ്യാജപ്രചാരണത്തെക്കുറിച്ചു പറയുന്നതിങ്ങനെ- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന്. അതു കേട്ടുകൊണ്ടു കുറെയെണ്ണം മുന്നിലിരിപ്പുണ്ട്. അവര്‍ ആരും തന്നെ ചോദിക്കുന്നു പോലുമില്ല. ഇങ്ങനെയൊക്കെ പറയാമോ? പക്ഷേ എല്ലാറ്റിനും ഒരു പരിധിയില്ലേ.
വ്യാജപ്രചാരണമൊക്കെ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെങ്കിലും നടത്തുന്നതില്‍ ഒരു പരിധിയില്ലേ. അഹിന്ദുവായ ഒരു ജീവനക്കാരനെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടോ? അങ്ങനെ നിയമനം നടത്താനാകുമോ? അതിനുള്ള നിയമം പോലും ഇല്ല. ഇത്ര വൃത്തികെട്ട്, വിഷലിപ്തമായിട്ട്, അപമാനകരമായിട്ട്് നമ്മുടെ നാടിനു ചേരാത്തതായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരത്തില്‍ സത്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ എന്തിനു പ്രചരിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഒരൊറ്റ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഈ സര്‍ക്കാര്‍ പോകട്ടെ, ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ ഭണ്ഡാരത്തില് വീഴുന്ന നയാപ്പൈസ എടുത്തിട്ടുണ്ടോ?
അതേസമയം, ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനും അടക്കമുള്ള ആളുകള്‍ നല്‍കുന്നതായിട്ടുള്ള നികുതിപ്പണത്തില്‍നിന്നു ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മിതിക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും വേണ്ടി കോടാനുകോടി രൂപയാണ് എടുക്കുന്നത്. ഹിന്ദുവിന്റെ മാത്രം പൈസയല്ല. എല്ലാ മതസ്ഥരും അടങ്ങുന്ന മലയാളികള്‍ നല്കുന്ന നികുതിപ്പണമാണ് ക്ഷേത്രാവശ്യങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.
വ്യാജപ്രചാരണത്തിലൂടെ ക്ഷേത്രജീവനക്കാരുടെ ചോറില്‍ മണ്ണുവാരിയിടുകയാണ് ഇക്കൂട്ടര്‍- മന്ത്രി കടകംപള്ളി തുറന്നടിച്ചു. കടകംപള്ളിയുടെ പ്രസംഗം വൈറലായതോടെ ശശികലയുടെ വ്യാജപ്രസ്താവനയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.











Leave a Reply