തിരുവനന്തപുരത്ത് ഞായറാഴ്ച്ച ഉണ്ടായ ചില പ്രകൃതി പ്രതിഭാസങ്ങള്‍ ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും പരത്തിയിരുന്നു. കടലില്‍നിന്ന് ജലം ചുഴി പോലെ ആകാശത്തേക്ക് ഉയരുന്ന കാഴ്ച്ചയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ഇത് സുനാമിക്കും ചുഴലി കൊടുങ്കാറ്റിനുമുള്ള മുന്നറിയിപ്പാണെന്ന വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഗതികള്‍ വീണ്ടും വഷളായി.
കേരളത്തില്‍ സുനാമി മുന്നറിയിപ്പ് ഇല്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്നു തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു.
വാട്ടര്‍സപൗട്ട് എന്നൊരു പ്രതിഭാസമാണ് കടലില്‍ കണ്ടതെന്നും ഇത് സുനാമിയുടെയോ ചുഴലികാറ്റിന്റെയോ മുന്നറിയിപ്പല്ലെന്ന് കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സാധാരണയായി കടലിലും കായലിലുമുണ്ടാകുന്ന ഒന്നാണിതെന്നും ഇതിനെ ദുരന്തങ്ങളുടെ മുന്നറിയിപ്പായി കാണേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍ സുനാമി മുന്നറിയിപ്പുണ്ടെന്നും തിരുവനന്തപുരം പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പറഞ്ഞു. ഇടിമിന്നല്‍ വരുമ്പോള്‍ രണ്ടു മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസമാണിതെന്ന് കെഎസ്ഡിഎംഎയില്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പാര്‍വതി അഴിമുഖത്തോട് പറഞ്ഞു.
ഞായറാഴ്ച്ച വൈകിട്ടോടെയാണ് തിരുവനന്തപുരത്ത് വാട്ടര്‍സ്പൗട്ട് ദൃശ്യമായത്. ആ സമയത്ത് ഇടിമിന്നലുണ്ടായതും പരിഭ്രാന്തിയുടെ ആഴം കൂട്ടി.
Leave a Reply