ന്യൂഡൽഹി: രാജ്യത്തെ 23 വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) പുറത്തിറക്കി. കേരളത്തിൽ നിന്ന് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷനാറ്റം, കേരള എന്ന വിലാസത്തിലുള്ള സർവകലാശാലയാണ് ഇത്തവണയും പട്ടികയിലുള്ളത്. ഡൽഹിയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെയും ഒഡീഷയിലെ രണ്ട് വീതവും മഹാരാഷ്ട്ര, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ഒരോ സർവകലാശാലകളും പട്ടികയിലുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി യുജിസി പുറത്തിറക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സെന്റ് ജോണ്‍സ് സർവകലാശാല ഉണ്ട്. എന്നാൽ, ഇങ്ങനെയൊരു സർവകലാശാലയെ കുറിച്ചോ കിഷനാറ്റം എന്ന സ്ഥലത്തെ കുറിച്ചോ മലയാളികൾക്ക് വലിയ പിടിപാടില്ല. എന്നാൽ, സംഗതി സത്യമാണെന്നാണ് യുജിസിയുടെ നിലപാട്.
കർണാടകയിൽ ബെൽഗാമിലുള്ള ബദഗൻവി സർക്കാർ വേൾഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിൽ നാഗ്പൂരിലെ രാജാ അറബിക് സർവകലാശാല എന്നി സ്ഥാപനങ്ങളും യുജിസിയുടെ വർഷങ്ങളായുള്ള പട്ടികയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, തമിഴ്നാട്ടിലെ തിരുച്ചി പുതുരിൽ ഡിഡിബി സംസ്കൃത സർവകലാശാല മുൻ വർഷങ്ങളിലെ പട്ടികയിൽ ഇടം നേടിയിരുന്നെങ്കിൽ ഈ വർഷത്തെ പട്ടികയിൽ പുതുച്ചേരി വഴുതാവൂർ തിലസ്പെറ്റ് ശ്രീബോധി അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്ന സ്ഥാപനമാണ് വ്യാജ സർവകലാശാലയായി യുജിസി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുന്നതു നിയമ വിരുദ്ധമായാണെന്നും ഇവിടെ നിന്നുള്ള ബിരുദങ്ങൾക്ക് അംഗീകാരം ലഭ്യമാകില്ലെന്നും യുജിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Leave a Reply