കണ്ണൂര്‍: സിപിഎം ആഘോഷപ്രകടനങ്ങളെന്ന പേരില്‍ വ്യാജവീഡിയോയാണ് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ചതെന്നും ഇതിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അടക്കം പറയുമ്പോഴും തന്റെ നിലപാടില്‍ ഉറച്ച് കുമ്മനം രാജശേഖരന്‍. താന്‍ പുറത്ത് വിട്ടത് സിപിഎം ആഘോഷപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണന്ന് കുമ്മനം ആവര്‍ത്തിച്ച് പറയുന്നു. കേസെടുക്കുന്നെങ്കില്‍ എടുക്കട്ടേയെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ തനിക്ക് യാതൊരു മടിയില്ലെന്നും കുമ്മനം വ്യക്തമാക്കി.
ഇതിനിടെ വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് കുമ്മനം രാജശേഖരനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജവീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പക കുത്തിവെച്ച് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് പരാതി.
നേരത്തേ വ്യാജവീഡിയോ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരാതിയുമായി എസ്എഫ്‌ഐ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ കാര്യത്തില്‍ ബജെപിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഘടകത്തോട് ആലോചിക്കാതെ പുറത്തുവിട്ട വീഡിയോയില്‍ ബിജുവിന്റെ മരണത്തില്‍ സിപിഎം നടത്തുന്ന ആഹ്‌ളാദ പ്രകടനമാണെന്ന് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
Leave a Reply