മനോജ് മാത്യു

മിഡില്‍സ്ബറോ രൂപതയിലുള്ള സീറോമലബാര്‍ കുര്‍ബാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ മിഡില്‍സ്ബറോയില്‍ വച്ച് അടുത്ത ശനിയാഴ്ച നടത്തുന്ന കുടുംബസംഗമം ”ഫമിലിയ” 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സെപ്റ്റംബര്‍ 23 ശനിയാഴ്ച മിഡില്‍സ്ബറോ ട്രിനിറ്റി കാത്തലിക് കോളേജില്‍ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം രൂപതാ വികാരി ജനറാള്‍ മോന്‍സിഞ്ഞോര്‍ ജെറാള്‍ഡ് റോബിന്‍സണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികള്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടുന്നു. യോര്‍ക്ക്, ഹള്‍, സ്‌കാര്‍ബ്രോ, നോര്‍ത്ത്അലെര്‍ട്ടന്‍, മിഡില്‍സ്ബറോ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ ഫമിലിയയില്‍ അവതരിപ്പിക്കാനുള്ള പരിപാടികളുടെ ഒരുക്കത്തിലാണ്.

രാവിലെ 9 മണിക്കാരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം 4 മണിക്ക് സമാപിക്കുന്നതായിരിക്കും. സ്വവര്‍ഗ വിവാഹം നിയമവിധേയമാവുകയും നിരവധി വിവാഹബന്ധങ്ങള്‍ തകരുകയും ചെയ്യുന്ന യുകെയുടെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മഹിമയും ഉയര്‍ത്തിക്കാട്ടുക, ക്രൈസ്തവ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തികാട്ടുക എന്നിവയൊക്കെയാണ് ഫമിലിയയുടെ ലക്ഷ്യങ്ങള്‍. യുകെയിലെ ഭൗതിക സമൃദ്ധിയില്‍ വളരുന്ന മലയാളി കുട്ടികളെ വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും വളര്‍ത്താന്‍ മാതാപിതാക്കളെ പ്രാപ്തരാക്കാന്‍ ഇത്തരം കുടുംബ സംഗമങ്ങള്‍ ഉപകാരപ്രദമാണ്.

സാധിക്കുന്നിടത്തോളം എല്ലാവരും കുടുംബസമേതം ഈ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലികാട്ടില്‍ അഭ്യര്‍ഥിച്ചു. സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതിയിലെ ഫമിലിയയുടെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ ജിനു പോളിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി അക്ഷീണ പരിശ്രമത്തിലാണ്.