ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഇൻവർനെസിലെ ഏറ്റവും വലിയ കെയർ ഹോമുകളിൽ ഒന്നായ കാസിൽഹിൽ കെയർ ഹോമിലെ ദുരവസ്ഥകൾ രഹസ്യ ചിത്രീകരണത്തിലൂടെ പുറത്ത് വന്നു. ബിബിസി റിപ്പോർട്ടർമാരിൽ ഒരാൾ ക്ലീനറായി ഏഴ് ആഴ്ച ജോലി ചെയ്ത് എടുത്ത ദൃശ്യങ്ങളിൽ വയോധികർ മണിക്കൂറുകളോളം മൂത്രത്തിലും നനഞ്ഞ വസ്ത്രങ്ങളിലും കിടക്കകളിലും ഉപേക്ഷിക്കപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഇത് കൂടതെ സഹായം തേടി നിലവിളിക്കുന്നവരെ ആരും പരിഗണിക്കാത്തതും ദൃശ്യങ്ങളിലുണ്ട്. ചില രോഗികൾ ദിവസങ്ങളോളം കുളിക്കാതെയും ഭക്ഷണം എത്തിച്ചാലും അത് കഴിക്കാൻ കഴിയാതെ വിശന്നിരിക്കേണ്ടി വരുന്നതുമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
രോഗികളുടെ വ്യക്തിഗത പരിചരണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായും കുടുംബങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിച്ചതുമായ കടുത്ത ആരോപണങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത് . സ്ത്രീകളായ രോഗികളെ പുരുഷ ജീവനക്കാർ സ്വകാര്യ പരിചരണത്തിന് വിധേയരാക്കിയത് അവരെ മാനസികമായി തളർത്തിയ അവസരങ്ങളും കണ്ടെത്തിയിട്ടുണ്ട് . പല അന്തേവാസികളും സ്വന്തം ഇഷ്ടം പ്രകടിപ്പിച്ചിട്ടും അത് ലംഘിക്കപ്പെടുകയായിരുന്നുവെന്ന കുടുംബങ്ങളുടെ ആരോപണം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ജീവനക്കാരുടെ കുറവ് കാരണം ചികിത്സാപരമായും വ്യക്തിപരമായും വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നത് പുറത്തുവന്ന വിവരങ്ങളിൽ വ്യക്തമാണ്.
2019 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കാസിൽഹിൽ കെയർ ഹോം. ഏകദേശം 88 പേരെ ഉൾക്കൊള്ളുന്ന ഈ സ്ഥാപനം മികച്ച സേവനം നൽകുന്ന കെയർ ഹോമായി പരസ്യപ്പെടുത്തുകയും, പ്രതിവാരം 1,800 പൗണ്ട് വരെ ഫീസ് ഇനത്തിൽ മേടിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഈ കെയർ ഹോമിനെ കുറിച്ചാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ലഭിച്ച പത്ത് പരാതികൾ മുഴുവനും സത്യസന്ധമാണെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിരിക്കുകയാണ് . ആരോഗ്യ വകുപ്പും കെയർ ഇൻസ്പെക്ടറേറ്റും നിരന്തര പരിശോധനകൾ നടത്തുമ്പോഴും വീഴ്ചകൾ തുടരുകയാണെന്നും, നടപടി സ്വീകരിക്കാതെ പോയാൽ ലൈസൻസ് നഷ്ടപ്പെടാനും അടച്ചുപൂട്ടലും സംഭവിക്കാമെന്ന മുന്നറിയിപ്പ് നിലവിൽ നൽകിയിട്ടുണ്ട്. കുടുംബങ്ങളുടെ ശക്തമായ പ്രതികരണത്തിന് പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Leave a Reply