സ്കോട്ട് ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർത്ഥിയായ ഏബൽ തറയിൽ (24 ) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഏബലിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ കടുത്ത ദുരൂഹത ഉണ്ടെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതയുമുള്ള ആരോപണങ്ങളുമായി മരിച്ച ഏബലിന്റെ കുടുംബം രംഗത്ത് വന്നു. ഏബലിന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തിയത് .
ഡൽഹി സ്വദേശിയായ ഒരു യുവതി ഏബലുമായി ശത്രുതയിലായിരുന്നു എന്നും അടുത്തിടെ താമസസ്ഥലത്ത് വന്ന് വഴക്ക് ഉണ്ടാക്കിയതായി ഏബൽ പറഞ്ഞതായും കുടുംബങ്ങൾ വെളിപ്പെടുത്തിയതായാണ് ഈ വിഷയത്തിൽ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത് .
സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിൻ്റെ കുടുംബം കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടിലുള്ള അമ്മയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏബലിന്റെ മരണത്തിൽ മേലുള്ള ദുരൂഹതയെ കുറിച്ച് പോലീസിനോട് ആശയവിനിമയം നടത്തി എന്നാണ് അറിയാൻ സാധിച്ചത്. യൂണിവേഴ്സിറ്റിയിലെയും പ്രാദേശിക മലയാളി സമൂഹത്തിലെയും എല്ലാ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളായിരുന്നു ഏബൽ. അതുകൊണ്ട് തന്നെ ഏബലിൻ്റെ മരണം മലയാളി വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള എല്ലാ സർവീസുകളും സ്കോട്ട് ലൻഡ് റെയിൽവേ താത്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രി 9. 30 മണിയോടെയാണ് പോലീസിനും ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.
ഏബലിന്റെ മൃതസംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
Leave a Reply