ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ചാണ് കൂട്ടആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, ദമ്പതികളുടെ ആറുവയസുകാരിയായ മകൾ അനായക മരിച്ചു. അമ്മയായ 30 കാരി പൂനം ബ്രാക്കോയെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് റയാനെ കാണാനില്ല.

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ രിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ അബോധാവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. എന്നാൽ, ഇയാളെ കണ്ടെത്തിയിട്ടില്ല.

വിഷം കഴിച്ച യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും അവർ കാഷിമീര പൊലീസിൽ അറിയിക്കുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്നയാൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ കുട്ടിയുടെ പിതാവാണെന്ന് വിവരമുണ്ട്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ ദമ്പതികൾ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ചതിൽ നിന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

മൂന്ന് മാസം മുമ്പ് ദമ്പതികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവർ താമസിക്കുന്ന ഫ്‌ലാറ്റ് വിറ്റു. പ്രീ സ്‌കൂൾ അധ്യാപികയായിരുന്നു പൂനം. ജോലി നഷ്ടപ്പെട്ടതിനാൽ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്നു. ഹോട്ടൽ മുറിയെടുത്ത ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി.

ഭക്ഷണത്തിൽ വിഷം കലർത്തി മകൾക്ക് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭാര്യയെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധം തിരികെ കിട്ടിയപ്പോൾ മരിച്ചുകിടക്കുന്ന കുട്ടിയെയാണ് യുവതി കണ്ടത്. തുടർന്ന് ബഹളം വെച്ചതോടെ ഹോട്ടൽ ജീവനക്കാർ എത്തിയത്. ഈ സമയം, ഭർത്താവ് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ജീവനക്കാരും വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.