ഹൃദയം പകുത്തു നൽകിയ വ്യക്തിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും വിസ്മയയുടെ മനസിൽ പ്രതീക്ഷകളുടെ പുതുനാമ്പുകൾ ഉണ്ടായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ച വിഡിയോകളും ചിത്രങ്ങളും അതിനു തെളിവായിരുന്നു. ഫെയ്സ്ബുക്കിലെ വിസ്മയയുടെ അവസാന പോസ്റ്റും ഇപ്പോൾ സൈബർ ഇടത്ത് ചർച്ചയാവുകയാണ്. കാറിനുള്ളിൽ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജിൽ അവസാനമായി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

അച്ഛനെയും അമ്മയെയും ചേർത്ത്പിടിച്ച് സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന വിസ്മയയുടെ ചിത്രങ്ങളാണ് ആ വീട് നിറയെ. പുഞ്ചിരിയോടെയല്ലാതെ വിസ്മയയെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. നൃത്തത്തിലും സ്പോർട്സിലും പഠനത്തിലും മിടുക്കിയായ പെൺകുട്ടി ഇന്ന് നാടിന്റെയാകെ കണ്ണീരാണ്. ഡോക്ടറാവണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിസ്മയ ജീവിതം അവസാനിപ്പിച്ചത്.

അച്ഛനാണ് വിസ്മയയുടെ പഠനച്ചിലവെല്ലാം നോക്കിയിരുന്നത്. മരിക്കുന്നതിന് തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്, ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു.കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു.

കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു.അച്ഛൻ പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നുവെന്നും വിസ്മയയുടെ അമ്മ പറയുന്നു.