ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തിരക്കുള്ള ലോകത്ത് രക്ഷിതാക്കളും കുട്ടികളുമൊത്തൊരുമിച്ചുള്ള അവധിക്കാല യാത്രകൾ പലപ്പോഴും വിരളമാണ് . ടൂറിസ്റ്റ് സീസണിൽ യാത്രയ്ക്കായും താമസത്തിനും കൂടുതൽ തുക ചിലവാകുന്നതും പലരെയും കുട്ടികളുടെ അവധിക്കാല യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ്. സ്കൂളുകൾക്ക് അവധിയില്ലാത്ത സമയത്ത് കുട്ടികളുമായി ക്ലാസുകൾ മുടക്കുന്ന രീതിയിൽ യാത്ര ചെയ്താൽ പലപ്പോഴും കടുത്ത പിഴ ഒടുക്കേണ്ടതായി വരും. ടിക്കറ്റ് നിരക്ക് കുറവുള്ള സമയത്ത് നാട്ടിലേയ്ക്ക് വന്ന് മടങ്ങിപ്പോകുന്ന പല മലയാളികളും പലപ്പോഴും ഇങ്ങനെ കടുത്ത പിഴ ഒടുക്കേണ്ടി വന്നവരാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർത്ത് യോർക്ക്ഷെയറിലെ റെഡ്കാറിൽ നിന്നുള്ള അഞ്ചംഗ കുടുംബത്തിന് ചിലവ് കുറയ്ക്കാൻ സ്കൂൾ ദിനങ്ങളിൽ വിനോദസഞ്ചാരത്തിന് പോയി കടുത്ത പിഴ ഒടുക്കേണ്ടതായി വന്നതിന്റെ ദുരനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. അധ്യാപകനായ പോൾ ബെൻസനും ഭാര്യ ജെസീക്കയും മക്കളായ റൂബി (12 ),ജോർജ് (10), ഒലിവ് ( 2 )എന്നിവർ അടങ്ങിയ അഞ്ചംഗ കുടുംബം ഫ്ലോറിഡയിലെ സിഡ്നി വേൾഡിലേയ്ക്ക് ആണ് ടൂർ പോയത്. രണ്ടാഴ്ചത്തെ താമസത്തിനായി 8000 പൗണ്ട് ലാഭിക്കാമെന്നതായിരുന്നു സ്കൂൾ ഉള്ള സമയം യാത്രയ്ക്കായി തിരഞ്ഞെടുക്കാനുള്ള കാരണം. എന്നാൽ കുട്ടികളുടെ ക്ലാസ് മുടങ്ങിയതിന് 480 പൗണ്ട് ആണ് അദ്ദേഹത്തിന് പിഴ ചുമത്തപ്പെട്ടത്.

തങ്ങളും കുട്ടികളും എന്തോ കടുത്ത അപരാധം ചെയ്തു എന്ന രീതിയിലുള്ള സമീപനമാണ് സ്കൂളുകളുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് 35 വയസ്സുകാരനായ പോൾ ബെൻസൺ തൻെറ അനുഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പിഴയല്ല തങ്ങളെ വിഷമിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അതിലുപരി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനെ ക്രിമിനൽ പ്രവർത്തനമാണെന്ന രീതിയിൽ സ്കൂളുകൾ സമീപിച്ചത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് അധ്യാപകൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടത്. പോൾ ബെൻസണിന്റെ ഭാര്യ ജെസീക്ക എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്കൂളുകൾക്ക് പൊതു അവധി ഉള്ള സമയത്ത് എൻഎച്ച്എസിൽ നിന്ന് ലീവ് ലഭിക്കാത്തതും കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള യാത്ര ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.