ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൂന്ന് ദിവസം മോർട്ട്ഗേജ് പേയ്മെന്റ് വൈകിയതിനെ തുടർന്ന് തങ്ങളുടെ പ്രിയപ്പെട്ട വീട് വിൽക്കേണ്ട സാഹചര്യത്തിൽ എത്തി നിൽക്കുകയാണ് ദമ്പതികൾ. ഡോ. ബ്രയാൻ മക്‌ഡൊണാഫും ഭാര്യ ജെസ്സിയുമാണ് ഈ സങ്കടകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നത്. മോർട്ട്ഗേജ് തുക മൂന്നുദിവസം വൈകിയതിനെ തുടർന്ന്, അവരുടെ മോർട്ട്‌ഗേജ് ലെൻഡറായ മെട്രോ ബാങ്ക് ക്രെഡിറ്റ് സ്‌കോർ താഴ്ത്തുകയായിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ള ദമ്പതികൾക്ക് രണ്ട് വർഷം മുമ്പ് മോർട്ട്ഗേജ് പേയ്‌മെൻ്റ് വെറും ദിവസങ്ങൾ വൈകിയതിനെ തുടർന്ന് , അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് ചുമത്തിയ വലിയ പലിശ നിരക്ക് താങ്ങാൻ പ്രയാസമായതിനെ തുടർന്നാണ് വീട് വിൽക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുന്നത്. ഒരേ ഒരു പെയ്മെന്റ് ദിവസങ്ങൾ മാത്രം വൈകിയത് മൂലം, മെട്രോ ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ മാർക്കർ നൽകിയെന്നും, ഇത് മൂലം തങ്ങളുടെ ക്രെഡിറ്റ് കാർഡ് പെയ്മെന്റുകൾ കുതിച്ചുയർന്നതുമാണ് തങ്ങളെ ഈ സാഹചര്യത്തിൽ എത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ഹാംഷെയറിലെ ആൻഡോവറിൽ നിന്നുള്ള യൂണിവേഴ്സിറ്റി ലക്ചററായ, ഡോ. മക്‌ഡൊണാഫ്, 20 വർഷമായി താൻ ഒരിക്കലും ഒരു പേയ്‌മെൻ്റ് പോലും മുടക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയിൽ തന്റെ ഭാര്യക്ക് ഒരു പുതിയ ജോലി ലഭിച്ചതിനെ തുടർന്ന്, അവളുടെ ശമ്പള ദിവസം മാറിയതാണ് തങ്ങൾക്ക് മോർട്ട്ഗേജ് പേയ്‌മെൻ്റ് മുടങ്ങാൻ കാരണമെന്നും, അത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മക്‌ഡൊണാഫ് പറഞ്ഞു.
മെട്രോ ബാങ്ക് പെയ്മെന്റ് മുടങ്ങിയ ഉടൻ തന്നെ തങ്ങളെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ഇമെയിൽ ചെയ്യുകയോ ചെയ്തില്ലെന്നും മക്‌ഡൊണാഫ് പറഞ്ഞു. പെയ്മെന്റ് മുടങ്ങിയതിനുശേഷം ആറാം ദിവസമാണ് ബാങ്ക് അധികൃതർ തങ്ങളുമായി ബന്ധപ്പെട്ടതെന്നും, അവർ തങ്ങളെ വിളിച്ച് 20 മിനിറ്റുകൾക്കുള്ളിൽ തന്നെ തങ്ങൾ പണം അടച്ചതായും ദമ്പതികൾ വ്യക്തമാക്കി. എന്നാൽ ബാങ്ക് അപ്പോഴേക്കും അവരുടെ ക്രെഡിറ്റ് സ്കോറിൽ മാർക്കർ നൽകിയിരുന്നു. മാർക്കർ ചേർക്കാൻ തങ്ങൾക്ക് നിയമപരമായി അർഹതയുണ്ടെന്ന് ഫിനാൻഷ്യൽ ഓംബുഡ്‌സ്മാൻ വിശദീകരിച്ചെങ്കിലും, ഇത് ഒരു ചതി ആണെന്ന് ദമ്പതികൾ കുറ്റപ്പെടുത്തി. ബാങ്ക് നൽകിയ മാർക്കർ കാരണം തങ്ങൾ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി. കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക എംപി കിറ്റ് മാൾട്ട്ഹൗസ് രണ്ട് തവണ ബാങ്കിന് കത്തെഴുതി കഴിഞ്ഞു. മെട്രോ ബാങ്ക് മാനേജിംഗ് ഡയറക്ടറെ കാണാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് വിസമ്മതിക്കുകയാണ് ചെയ്തത്.
Leave a Reply