ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ ചാരവൃത്തിയാരോപണത്തിൽ തടവിലായ ബ്രിട്ടീഷ് ദമ്പതികളായ ലിൻസിയുടെയും ക്രെയ്ഗ് ഫോർമാൻ്റെയും ആരോഗ്യനില വഷളാകുന്നതായി കുടുംബം അറിയിച്ചു. 52 വയസ്സ് പ്രായമുള്ള ദമ്പതികൾ സ്പെയിനിലും ഇംഗ്ലണ്ടിലുമായി താമസിച്ചിരുന്നവരാണ്. ഈ വർഷം ജനുവരിയിൽ ഇറാനിലെ കെർമാനിൽ ലോകമൊട്ടാകെ നടത്തുന്ന മോട്ടോർസൈക്കിൾ യാത്രയ്ക്കിടെ ഇവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു . ഈസ്റ്റ് സസെക്സ് സ്വദേശികളായ ഇരുവരും ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരുന്നു.
തന്റെ അമ്മ കഴിഞ്ഞ ആഴ്ച ജയിലിൽ ഡ്രിപ്പ് ഇട്ടിരിക്കുകയായിരുന്നു എന്ന് ലിൻസിയുടെ മകൻ ജോ ബെനെറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുകൂടാതെ പിതാവ്, ക്രെയ്ഗ് നിരന്തരം വയറുവേദന, ഫ്ലൂ, പല്ലുവേദന എന്നീ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും ആശങ്കയുണ്ടെന്നും കുടുംബം വ്യക്തമാക്കി. “ശരിയായ മെഡിക്കൽ പരിചരണം ലഭ്യമല്ലാത്തതിനാൽ ക്രെയ്ഗിന്റെ ആരോഗ്യനില ഗുരുതരമാണ്” എന്ന് ജോ പറഞ്ഞു . ഇതേസമയം, ഇന്ന് ഇറാനിൽ നടക്കുന്ന കോടതി വാദത്തെ കുറിച്ച് കുടുംബത്തിന് യാതൊരു വ്യക്തമായ വിവരവും ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലിൻസിയെ അടുത്തിടെ തലസ്ഥാനത്തിന് സമീപമുള്ള ക്വാർചാക് വനിതാ ജയിലിലേയ്ക്ക് മാറ്റിയതായി വിദേശകാര്യ ഓഫീസ് കുടുംബത്തെ അറിയിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും അവിടുത്തെ ദുരിതാവസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രെയ്ഗിനെ തലസ്ഥാനത്തിന് 30 കിലോമീറ്റർ തെക്കുള്ള ഫഷാഫോയേ ജയിലിലേയ്ക്കാണ് മാറ്റിയതെന്ന് കരുതുന്നു. ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷ്-ഇറാനിയൻ പൗരന്മാരും ഇറാനിലേയ്ക്ക് പോകുന്നത് വലിയ അപകടമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ സമയം, “ഈ കേസ് നേരിട്ട് ഇറാൻ അധികാരികളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുടുംബത്തോടൊപ്പം തുടരുന്ന ബന്ധം നിലനിർത്തുന്നതായും” വിദേശകാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി.
Leave a Reply