ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സിറിയ : വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പുകളിലും ജയിലുകളിലും ബ്രിട്ടീഷിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ കുട്ടികൾ ആജീവനാന്ത തടവ് അനുഭവിക്കുന്നുവെന്ന് റിപ്പോർട്ട്‌. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന മാതാപിതാക്കളിൽ നിന്ന് കുട്ടിയെ വേർപ്പെടുത്തി ക്യാമ്പുകളിൽ നിന്നും ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചതായി ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. സിറിയയിൽ നിന്ന് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ ബ്രിട്ടനിൽ തിരിച്ചെത്തിയിട്ടുള്ളൂ. അവരിൽ ഭൂരിഭാഗവും അനാഥരാണ്. തങ്ങൾക്ക് നേരിടാൻ കഴിയില്ലെന്നും ഐ.എസ് തീവ്രവാദ സെല്ലുകൾ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്തു പ്രവർത്തിക്കുന്നെന്ന് കുർദിഷ് അധികൃതർ പറഞ്ഞു. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ വീഴ്ചയ്ക്ക് ശേഷം ആയിരക്കണക്കിന് കുട്ടികളാണ് ഡീറ്റെൻഷൻ ക്യാമ്പുകളിൽ പെട്ടു പോയത്. അൽ റോജ് ക്യാമ്പിൽ ബ്രിട്ടീഷ് കുട്ടികൾ അടക്കമുള്ള വിദേശ കുട്ടികൾ കഴിയുന്നുണ്ട്.

അമ്മ നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ പല രാജ്യങ്ങളും കുട്ടികളെ സ്വദേശത്തേക്ക് മടക്കികൊണ്ടുവരാൻ തയ്യാറെടുക്കുകയുള്ളൂ. ഐ എസ് യുവാവിനെ വിവാഹം ചെയ്ത ബ്രിട്ടീഷ് യുവതിയുടെ വാക്കുകളിൽ നിന്നു തന്നെ അവരുടെ അവസ്ഥ മനസിലാക്കാം. പോരാട്ടത്തിൽ ഭർത്താവ് കൊല്ലപ്പെട്ട യുവതിയ്ക്ക് കുട്ടികളുണ്ട്.. ” എനിക്ക് തിരിച്ചു നാട്ടിൽ പോകണമെന്നും കുടുംബത്തോടൊപ്പം ചേരണമെന്നും ആഗ്രഹമുണ്ട്. കുട്ടികളാണ് എന്റെ എല്ലാം. അവരെ തനിച്ച് നാട്ടിലേക്ക് വിടാൻ എനിക്ക് സാധിക്കില്ല. അവരുടെ സുരക്ഷയെ കരുതിയാണെങ്കിലും വേർപിരിയാൻ കഴിയില്ല. ” അവർ പറഞ്ഞു.

അനാഥർക്ക് വേണ്ടിയുള്ള പുനരധിവാസ കേന്ദ്രത്തിൽ 12നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ കഴിയുന്നുണ്ട്. ഇവിടുത്തെ അവസ്ഥ മെച്ചമാണെങ്കിലും സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമായി തുടരുകയാണ്. ലണ്ടനിലും പാകിസ്ഥാനിലും ബാല്യം ചിലവഴിച്ച 13കാരനായ അഹമ്മദ് ഇവിടെ കഴിയുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. സിറിയയിൽ നിന്നും രക്ഷപെട്ടാൽ ആദ്യം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അഹമ്മദിന്റെ മറുപടി ഇതായിരുന്നു.”ഞാൻ എന്റെ ശേഷിക്കുന്ന കുടുംബത്തോടൊപ്പം ചേരും. ഇവിടെ നടന്നതൊക്കെ അവരോട് പറയും.” കേന്ദ്രത്തിൽ കുട്ടികളെ 18 വയസ് വരെ പാർപ്പിക്കും. രാജ്യം തിരികെ ആവശ്യപ്പെട്ടില്ലെങ്കിൽ അവരെ ജയിലിലേക്ക് മാറ്റും. ഇതുപോലുള്ള നിരവധി ക്യാമ്പുകൾ സിറിയയിലുണ്ട്. തിരികെ സ്വന്തം ദേശത്തേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി പാർക്കുന്ന നിരവധി സ്ത്രീകളും കുട്ടികളും അവിടെ കഴിയുന്നു, ഒരു സ്വപ്നവുമായി.