ആലപ്പുഴ: ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികള്‍ മകന്‍ രാഹുലിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷം. കേരളത്തില്‍ കുട്ടികളെ കാണാതായ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഏഴര വയസുകാരന്‍ രാഹുലിന്റെ തിരോധാനത്തോളം കോളിളക്കം സൃഷ്ടിച്ച സംഭവം മറ്റൊന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സാക്ഷാല്‍ സി.ബി.ഐ തന്നെ എത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്ത കേസ്. രാഹുല്‍ എങ്ങനെ അപ്രത്യക്ഷനായെന്നത് ഇന്നും നിഗൂഢം.
മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞനുജത്തി ശിവാനിയുമുണ്ടിപ്പോള്‍. 2005 മേയ് 18ന് െവെകിട്ട് വീടിനോട് ചേര്‍ന്ന െമെതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സമീപവാസിയായ യുവാവിനെ നാര്‍കോ അനാലിസിസിന് വിധേയനാക്കി. എന്നാല്‍ ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് വ്യക്തമായി. കുട്ടിയുടെ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതം പോസ്റ്ററുകളും പ്രചരിപ്പിച്ചു.
ഇടയ്ക്ക് മനോരോഗിയായ കൃഷ്ണപിള്ള എന്നൊരാള്‍ താന്‍ രാഹുലിനെ കൊന്നു കുഴിച്ചുമൂടിയെന്ന് അവകാശപ്പെട്ട് രംഗത്തുവന്നു. തുടര്‍ന്ന് പ്രദേശത്തെ ഉപയോഗശൂന്യമായ കുളങ്ങള്‍ വറ്റിച്ചുവരെ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 2012 ഫെബ്രുവരിയില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് 2013 ഒക്‌ടോബറില്‍ കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടി സി.ബി.ഐ. അപേക്ഷ നല്‍കിയത്.
രാഹുലിന്റെ തിരോധാനത്തിനുപിന്നാലെ പിതാവ് രാജുവിനെ അര്‍ബുദം കീഴ്‌പ്പെടുത്തിയത് മറ്റൊരു ആഘാതമായി. ശസ്ത്രക്രിയയ്ക്കുശേഷം രാജു ജോലി തേടി കുെവെത്തിലേക്കു മടങ്ങി. രാഹുലിന്റെ മാതാപിതാക്കള്‍ സംശയമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അവരെക്കുറിച്ച് അന്വേഷണം ഉണ്ടായില്ല.
Leave a Reply