കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്പെൻഡ് ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ജില്ലാ കളക്ടർ യു.വി.ജോസ് വ്യക്തമാക്കിയത് തൊട്ടുപിന്നാലെയാണ് നടപടി. കർഷകൻ ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസ് (56) ആണ് ജീവനൊടുക്കിയത്. രണ്ടു വർഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വിഷയത്തിൽ തഹസീൽദാർ ഇടപെട്ടെങ്കിലും നടപടി ഇല്ലാതെ വന്നതോടെ ജോയി ജീവനൊടുക്കുകയായിരുന്നു.
മരണത്തിന് ഉത്തരവാദികൾ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് ജോയിയുടെ സഹോദരൻ ജോണി ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചക്കിട്ടപാറ പഞ്ചായത്തിൽ ഇന്ന് പകൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Leave a Reply