ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ നിയമങ്ങൾ പ്രകാരം ഒക്ടോബർ 1 മുതൽ യുകെയിലുടനീളമുള്ള ടേക്ക്അവേകളിൽ പ്ലാസ്റ്റിക് കട്ട്ലറികളും പ്ലേറ്റുകളും ട്രേകളും നിരോധിക്കും. ഇതോടെ ചില ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ നൽകുന്നതിന് തടസം നേരിടും. ഒക്‌ടോബർ 1 മുതൽ ബൗളുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ ഭക്ഷണം വിളമ്പുന്നത് നിർത്തും. ഭക്ഷണം കഴിക്കുന്നവർക്ക് ഇനി പോളിസ്റ്റൈറൈൻ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കാൻ കഴിയില്ല. മാറ്റത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറി അല്ലെങ്കിൽ ബലൂൺ സ്റ്റിക്കുകൾ നിരോധിക്കും.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിലവിലുള്ള സ്റ്റോക്ക് ഉപയോഗിക്കണമെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് അല്ലെങ്കിൽ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്. പുതിയ നിയമങ്ങൾ ഓൺലൈൻ, ഓവർ-ദി-കൗണ്ടർ വിൽപ്പന, വിതരണം എന്നിവയ്ക്കും ബാധകമാണ്. സമാനമായ നിയമങ്ങൾ സ്കോട്ട് ലൻഡിൽ ഇതിനകം അവതരിപ്പിക്കുകയും കഴിഞ്ഞ ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. സിംഗിൾ യൂസ് പ്ലാസ്റ്റിക് സ്‌ട്രോകൾ, സ്റ്റെററുകൾ, കോട്ടൺ ബഡ്‌സ് എന്നിവ 2020 ഒക്‌ടോബർ മുതൽ ഇംഗ്ലണ്ടിൽ നിരോധിച്ചിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് തെരേസ് കോഫി നേരത്തെ പറഞ്ഞിരുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഈ നീക്കം വലിയ സ്വാധീനം ചെലുത്തും. സർക്കാർ മാർഗനിർദേശം അനുസരിച്ച്, നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തും. ബിസിനസ്സുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ, അന്വേഷണച്ചെലവ് അവർ വഹിക്കേണ്ടി വരും. പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഉടമകൾക്ക് 28 ദിവസം സമയം നൽകും
Leave a Reply