ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- പ്ലിമൗത്തിൽ കഴിഞ്ഞദിവസം നടന്ന വെടിവെപ്പിൽ ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നേഴ്സായ ബെക്കി. കുടുംബവുമായുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് ബെക്കിയുടെ ഭർത്താവ് ലീയും മൂന്നു വയസ്സുകാരി മകൾ സോഫിയും കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന അതിദാരുണമായ സംഭവത്തിൽ, അക്രമിയായ ജെയ്ക്ക് ഡെവിസൺ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ലീയും മകൾ സോഫിയും നടക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ഇന്റെൻസീവ് കെയർ യൂണിറ്റിലെ നേഴ്സായ ബെക്കി, നിരവധി മാസങ്ങളായി കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയാണ്. ഒരു മാലാഖയെപ്പോലെ വളരെ കരുണയോടെയാണ് തന്റെ രോഗികളെ ബെക്കി ശുശ്രൂഷിക്കുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മരണം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് ബെക്കി തന്റെ കുടുംബവുമായുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതായും സഹപ്രവർത്തകർ ഓർമ്മിച്ചു.
അപകടം നടന്ന ഉടൻ തന്നെ ലീയെയും മകളെയും ബെക്കി ജോലി ചെയ്യുന്ന ഡെറിഫോർഡ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലിമൗത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 11മണിക്ക് ഒരു മിനിട്ട് മൗനം ആചരിച്ച് എല്ലാവരും ദുഃഖത്തിൽ പങ്കുചേരും. പ്ലിമൗത്തിലെ പള്ളികളിൽ പ്രത്യേക സർവീസും നടത്തപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേകം പ്രാർഥനകൾ നടത്തുമെന്ന് ഇടവക വികാരി ഫാദർ ഡേവിഡ് വേ അറിയിച്ചു. നിരവധിപേർ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പൂക്കളും മറ്റുമായി സംഭവസ്ഥലത്ത് എത്തി.
Leave a Reply