ലണ്ടന്‍: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം ചെയ്ത് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മികച്ച ബ്രോഡ്ബാന്‍ഡ് വേഗത അവകാശപ്പെടുകയും എന്നാല്‍ പ്രായോഗിക തലത്തില്‍ അത് ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പരസ്യങ്ങളില്‍ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഉയര്‍ന്ന ഇന്റര്‍നെറ്റ് ഇന്റര്‍നെറ്റ് വേഗത പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും നിലവിലുള്ള നിയമങ്ങള്‍ ഇവയെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്നും പരാതികള്‍ ലഭിച്ചതിനേത്തുടര്‍ന്നാണ് നടപടി.

വേഗതയേത്തക്കുറിച്ചുള്ള അവകാശവാദം നല്‍കുന്നതിനേക്കാള്‍ 25 ശതമാനമെങ്കിലും കുറച്ച് കാണിക്കണം എന്ന് നിര്‍ദേശിക്കുന്ന നിയമങ്ങളും അണിയറില്‍ സജ്ജമാകുന്നുണ്ട്. ടെലികോം കമ്പനിയായ ഓഫ്‌കോമിന്റെ പ്ലസ്‌നെറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ 76 എംബിപിഎസ് സ്‌കീമില്‍ ലഭിക്കുന്നത് ശരാശരി 56.4 എംബിപിഎസ് മാത്രമാണ്. കമ്പനി നല്‍കുന്ന പരസ്യത്തില്‍ 76 എംബി എന്ന് പറയുന്നത് തെറ്റിദ്ധാരണാ ജനകമാണ്. ഇത് അറിയാതെയാണ് 84 ശതമാനം ഉപഭോക്താക്കളും സേവനം ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അവര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും ഡിജിറ്റല്‍ മിനിസ്റ്റര്‍ മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇക്കാര്യത്തില്‍ കമ്മിറ്റീസ് ഓഫ് അഡ്വര്‍ട്ടൈസിംഗ് പ്രാക്ടീസ് പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും ഇത്തരം പരസ്യങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുമാണ് പദ്ധതി.