ഇരുമ്പ് തോട്ടിയുപയോഗിച്ച് കരിക്ക് അടര്‍ത്തുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പുളിങ്കുടി ചൊവ്വരയിലെ സോമതീരം റോഡില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ജി.അപ്പുക്കുട്ടന്‍(66), മകന്‍ റിനില്‍(38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു അപകടം. ഹൃദ്രോഗിയായ ഭാര്യ സരസുവിനുവേണ്ടി കരിക്ക് അടര്‍ത്തുന്നതിനായിരുന്നു അപ്പുക്കുട്ടന്‍ തോട്ടിയുമായി വീടിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലെത്തിയത്.

തെങ്ങില്‍നിന്ന് കരിക്ക് വലിച്ചിടുന്നതിനിടയില്‍ വഴുതിവീണ തോട്ടിയുടെ ഹുക്ക് സമീപത്തെ 11 കെ.വി.ലൈനില്‍ ഉടക്കി. ഇത് വലിച്ചെടുക്കുന്നതിനിടെ അപ്പുക്കുട്ടന്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു.

ഈ സമയത്ത് കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങിവരുകയായിരുന്നു റിനില്‍. ടെറസിനു മുകളില്‍ നിന്ന് പുകയുയരുന്നതുകണ്ട് ഓടിയെത്തി അച്ഛനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ മകനും വൈദ്യുതാഘാതമേറ്റിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ടെറസിനു മുകളില്‍നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് സമീപവാസിയായ യുവാവാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് അജയ് ടി.കെ.യുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി. കോട്ടുകാല്‍ കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റി.

ചൊവ്വരയിലെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ് മരിച്ച റിനില്‍. സഹോദരന്‍ റെജി. സഹോദരി ജിജി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ജിതിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കൂടുതല്‍ അപകടം ഒഴിവായത്.

സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്നു തീയും പുകയുമുയരുന്നത് കണ്ടാണ് അയല്‍വാസിയായ ജിതിന്‍ സംഭവം ശ്രദ്ധിച്ചത്.

എന്തു സംഭവിച്ചതെന്നറിയാന്‍ എതിര്‍വശത്തുള്ള കെട്ടിടത്തിന് മുകളില്‍ കയറി നോക്കിയപ്പോഴാണ് രണ്ടുപേര്‍ തറയില്‍ കിടക്കുന്നത് കണ്ടത്.

അവരുടെ ശരീരത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ആശങ്കയിലായ ജിതിന്‍ താഴെ ഇറങ്ങിയെത്തി അപകടം നടന്ന സ്ഥലമായ കെട്ടിടത്തിലെത്തി.

11.കെ.വി.വൈദ്യുതി ലൈനില്‍ തോട്ട ഉടക്കി നില്‍ക്കുന്നതും കണ്ടു. അപകടം മനസ്സിലാക്കിയ ജിതിന്‍ നാട്ടുകാരോട് മുകളിലേക്ക് കയറരുതെന്ന് പറഞ്ഞു. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും.