മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. മകനെ വടികൊണ്ട് അടിച്ചും തലകുത്തനെ നിര്‍ത്തി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഇതുകൂടാതെ അടിയേറ്റ് നിലത്തുവീണ മകനെ നിലത്തിട്ടു തന്നെ ചവിട്ടി കൂട്ടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, ക്രൂരത വീട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തള്ളിമാറ്റിയാണ് പിതാവ് അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ പിതാവ് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടു വയസ്സുള്ള കുട്ടിക്കാണ് ക്രൂരമര്‍ദനം ഏറ്റത്. തളര്‍ന്നുവീണ് കിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ച് വീണ്ടും സുധീര്‍ മര്‍ദ്ദിക്കുന്നുണ്ട്.

  ബയോ വെപ്പൺ പരാമർശം: ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ്

ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതാണ് മൃഗീയപീഡനത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തും.