ലണ്ടന്‍: സാധാരണയായി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവരുടെ പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് മാതാപിതാക്കളാണ്. എന്നാല്‍ സൗത്ത്-വെസ്റ്റ് ലണ്ടന്‍ സ്വദേശികളായി റിച്ചാര്‍ഡ് ലാനിഗന്‍-ജെനറ്റ് ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണ്. തങ്ങളുടെ കുട്ടികള്‍ അസുഖ ബാധിതരായാല്‍ പോലും മരുന്നുകള്‍ കൊടുക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും വാദം. പാരമ്പര്യ വാദികളും സമാന്തര ആരോഗ്യ സംരക്ഷണ രീതികളിലും വിശ്വസിക്കുന്ന ഇരുവരും മോഡേണ്‍ മെഡിസിന്‍ കുട്ടികളിലെ പ്രതിരോധശക്തിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരാണ്.
16 കാരികളായ ഇരട്ടക്കുട്ടികളുടെയും 11 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെയും അച്ഛനായ ലാനിഗന്‍ തന്റെ മക്കള്‍ക്ക് ഇതുവരെ മരുന്നുകള്‍ നല്‍കിയിട്ടില്ല. കുട്ടികളില്‍ സ്വഭാവികമായ രോഗപ്രതിരോധശേഷിയുണ്ടെന്നും അതിനെ മറികടന്ന് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി യാതൊരുവിധ മരുന്നുകളും നല്‍കിയിട്ടില്ല. വാക്‌സിനുകളും ഇയാള്‍ കുട്ടികള്‍ക്ക്് നല്‍കിയിട്ടില്ല. ഇരട്ടകള്‍ എന്നാല്‍ അടുത്തിടെ സ്വന്തം തീരുമാനപ്രകാരം വാക്‌സിനുകള്‍ എടുത്തു. ആഫ്രിക്കയിലേക്കും സൗത്ത് അമേരിക്കയിലേക്കും സന്നദ്ധ പ്രവര്‍ത്തനത്തിനു പോകുന്നതിന്റെ ഭാഗമായാണ് ഇവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്.
ഇവരുടെ പെണ്‍കുട്ടികളില്‍ ഒരാളെ കടുത്ത ചുമ ബാധിച്ച് ആശുപത്രിയിലാക്കേണ്ട സാഹചര്യം വന്നിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോഴും ആന്റി-ബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മുലപ്പാലില്‍ നിന്നുള്ള പോഷക ഘടകങ്ങള്‍ കുട്ടിയുടെ പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുട്ടി പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരികെയുത്തുകയും ചെയ്തു.
മക്കള്‍ക്ക് രോഗം വരാന്‍ അനുവദിക്കുന്നതിലൂടെ അവരുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാനിഗന്‍ വാദിക്കുന്നു. നിലവില്‍ മക്കള്‍ക്ക് വല്ലപ്പോഴും വരുന്ന ചുമ ഒഴിച്ചു നിര്‍ത്തിയാല്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഇയാള്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായി കാഴ്ച്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ലാനിഗന്‍ മറ്റുള്ളവരും തന്നെ മാതൃകയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
Leave a Reply