യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം മാതൃരാജ്യത്ത് വിമാനമിറങ്ങി. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹം 7.26 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. അദ്ദേഹത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഡല്‍ഹി ബിഷപ്പും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം നാളെ കേരളത്തില്‍ എത്തും.

വിമാനത്താവളത്തില്‍ നിന്നും ബിഷപ്പ് ഹൗസിലേക്കാണ് അദ്ദേഹം പോകുന്നത്. അവിടെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പതിനൊന്നു മണിയോടെ പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച. വൈകിട്ട് 4.30 യോടെ മാധ്യമങ്ങളെ കാണും. വത്തിക്കാനില്‍ നിന്നുള്ള പുരോഹിത സംഘവും ടോം ഉഴുന്നാലിനൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. വത്തിക്കാന്‍ എംബസിയുടെ വിരുന്നിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് ഡോണ്‍ബോസ്‌ക്കോ ഹൗസിലേക്ക് പോകുന്ന അദ്ദേഹം അവിടെ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കാളികളാകും. നാളെ ബാംഗ്‌ളൂരിലേക്കും അവിടെ നിന്നും ഒന്നാം തീയതി കേരളത്തിലേക്കും എത്തും. റോമിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത ശ്രമങ്ങളില്‍ രണ്ടാഴ്ച മുമ്പാണ് ഉഴുന്നാലിനെ ഒമാന്റെ സഹായത്തോടെ മോചിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം റോമിലേക്ക് പോകുകയായിരുന്നു. കേരളത്തിലേക്ക് നേരിട്ട് പോരാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും കാണാന്‍ തീരുമാനം എടുത്തത്.

ഒന്നരവര്‍ഷം മുമ്പ് യെമനില്‍ വെച്ചായിരുന്നു ഐഎസ് തീവ്രവാദികള്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. യെമനില്‍ എംബസി ഇല്ലാതിരുന്നതിനാല്‍ ഇന്ത്യയ്ക്ക് മോചിപ്പിക്കല്‍ ജോലി ഏറെ ദുഷ്‌ക്കരമായിരുന്നു. ഒടുവില്‍ കേന്ദ്രത്തിന്റെയും വത്തിക്കാന്റെയും ഇടപെടലില്‍ ഒമാന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്. തട്ടിക്കൊണ്ടു പോകലിന് ഇരയായതിന് പിന്നാലെ കേരളത്തിലെ വിവിധ പള്ളികളില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു