അച്ഛൻ മദ്യലഹരിയിൽ തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. പരശ്ശേരി രാജഗോപാൽ തെരുവിലെ നാഗരാജൻ്റെ മകളും ആറാം ക്ലാസ് വിദ്യാർഥിനിയുമായ തൻഷിക (11) ആണ് മരിച്ചത്. പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നാഗരാജൻ കുഞ്ഞുങ്ങളെ തീവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ നാഗരാജൻ തൻ്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
കന്യാകുമാരി ജില്ലയിലെ പറശേരി രാജഗോപാൽ സ്ട്രീറ്റിലാണ് അതിദാരുണമായ സംഭവം നടന്നത്. ഇലക്ട്രീഷ്യനായ നാഗരാജനാണ് സ്വന്തം മക്കൾക്കു നേരേ കണ്ണില്ലാത്ത ക്രൂരതകാട്ടി ആത്മഹത്യ ചെയ്തത്. നാഗരാജൻ്റെ ഭാര്യയായ അനിത ജോലി കഴിഞ്ഞ് വീട്ടിലെത്താൻ താമസച്ചതിനെ തുടർന്നാണ് നാഗരാജൻ ഈ ക്രൂരതകൾ കാണിച്ചുകൂട്ടിയത്.
നാഗരാജൻ- അനിത ദമ്പതികൾക്ക് തൻഷിക (11), അസ്മിത (9) എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ്. തികഞ്ഞ മദ്യപാനിയായ നാഗരാജൻ കുടുബം നോക്കിയിരുന്ന വ്യക്തിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബ ചെലവിന് നാഗരാജൻ പണം നൽകാത്തതിനാൽ അനിത അടുത്തുള്ള ബേക്കറിയിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇലക്ട്രീഷ്യനായ നാഗരാജൻ ജോലിചെയ്ത് ലഭിക്കുന്ന പണം മദ്യപാനത്തിന് വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ഭാര്യ ജോലിക്ക് പോകുന്നത് നാഗരാജന് ഇഷ്ടമായിരുന്നില്ല. കുടുംബത്തിനു വേണ്ടി പത്തു പെെസപോലും ചിലവാക്കാത്ത ഭർത്താവിനെ ധിക്കരിച്ച് അനിതയ്ക്ക് ജോലിക്കു പോകേണ്ട സാഹചര്യമാുണ്ടാകുകയായിരുന്നു എന്നാണ് അയൽക്കാരും പറയുന്നത്. അനിത ജോലിക്കു പോകുന്നതുകൊണ്ടുതന്നെ നാഗരാജൻ ദിവസവും മദ്യപിച്ച് ഭാര്യയുമായി വഴക്കിടുന്നത് ദപതിവായിരുന്നു. കൂടാതെ വീട്ടിലെ സാധനങ്ങൾ എടുത്ത് വിൽക്കുന്ന ശീലവും നാഗരാജനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ഉപകരണം എടുത്ത് വിൽപ്പന നടത്തിയ പണം മദ്യം കഴിക്കാൻ ഉപയോഗിച്ചതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
`ഇനി നീ ജോലിക്കു പോകേണ്ട´ എന്ന് വഴക്കു നടന്ന സമയത്ത് നാഗരാജൻ അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിറ്റേ ദിവസം നാഗരാജൻ പറഞ്ഞതൊന്നും വകവെക്കാതെ അനിത ജോലിക്ക് പോയി. ജോലികഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ നാഗരാജൻ ഭാര്യ വീട്ടിൽ എത്തിയില്ലെന്ന് കണ്ട് ദേഷ്യപ്പെടുകയായിരുന്നു. ഈ സമയം രണ്ടു കുട്ടികളും നിലത്ത് പായ വിരിച്ച് അതിൽക്കിടന്ന് ഉറങ്ങുകയായിരുന്നു. മദ്യപാനിയായ നാഗരാജൻ്റെ ശല്യം കാരണം കുട്ടികൾ നേരത്തെ ഉറങ്ങുന്നത് പതിവായിരുന്നു. പ്രകോപിതനായ നാഗരാജൻ വീട്ടിലെ തുണികളെല്ലാം ഉറങ്ങിക്കിടന്ന രണ്ടു കുട്ടികളുടെ മുകളിൽ കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് അറിഞ്ഞ് ഉറങ്ങിക്കിടന്ന കുട്ടികൾ വേദന കൊണ്ട് നിലവിളിച്ചു.
ഇതിനിടെ നാഗരാജൻ ബാക്കിവന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരുടെ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് മൂന്നുപേരേയും ആശുപത്രിയിലാക്കിയത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിതന്നെ നാഗരാജൻ മരണപ്പെട്ടു. കുട്ടികളെ ആശാരിപള്ളം സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൻഷിക (11) കഴിഞ്ഞ ദിവസം മരണമടഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.