കൊച്ചി: ഭാര്യയും കുട്ടികളും ഉണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ആന്ധ്രയിലെ കടപ്പ ബിഷപ്പ് ഡോ. പ്രസാദ് ഗെലേറ്റയെ പള്ളിയിൽ കയറുന്നതിൽ നിന്ന് വിശ്വാസികൾ തടഞ്ഞു. കടപ്പ ജില്ലയിലെ മരിയാപുരം സെയ്‌ന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതെത്തുടർന്ന് മറ്റ് നാല് ബിഷപ്പുമാർക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡോ. ഗെലേറ്റ വൈദികർക്ക് അയച്ചതെന്ന് കരുതുന്ന കത്തിന്റെ പകർപ്പ് ‘മാതൃഭൂമി’ക്ക് ലഭിച്ചു.

കടപ്പയിലെ റോമൻ കാത്തലിക് രൂപതയിൽ രണ്ടു വർഷത്തിലധികമായി പുകയുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ തെരുവിലെത്തിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് സഭയിലെത്തിയ ബിഷപ്പ് ഗെലേറ്റയെ രണ്ടു വർഷം മുമ്പ് മൂന്ന് വൈദികർ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ അദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി ഡ്രൈവറെയുൾപ്പെടെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഈ സംഭവത്തിൽ ഫാ. രാജ റെഡ്ഡി, ഫാ. വിജയമോഹൻ റെഡ്ഡി, ഫാ. സനിവറപ്പ് റെഡ്ഡി എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. വൈദികരെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.

ഡോ. ഗെലേറ്റയുടെ ലെറ്റർ ഹെഡ്ഡിൽ അദ്ദേഹത്തിന്റെ ഒപ്പിട്ട് ജൂലായ് 17-ന് പുറത്തുവന്നിരിക്കുന്ന കത്തിൽ ഗുരുതര ആരോപണങ്ങളാണ് നാല് ബിഷപ്പുമാർക്കെതിരേ ഉന്നയിക്കുന്നത്. കുർണൂൽ ബിഷപ്പ് പൂല അന്തോണി, നെല്ലൂർ ബിഷപ്പ് എം.ഡി. പ്രകാശം, എളുരു ബിഷപ്പ് പൊളെമെറ ജയറാവു, വിശാഖപട്ടണം ആർച്ച് ബിഷപ്പ് മല്ലവരപ്പ് പ്രകാശ് എന്നിവർക്കെതിരേയാണ് കത്തിൽ ആരോപണങ്ങളുള്ളത്. കോടികളുടെ അഴിമതിയും ലൈംഗികബന്ധങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു ഭാര്യ മാത്രമുള്ളപ്പോൾ ഒന്നിലധികം ബന്ധങ്ങളുള്ളവരുടെ കാര്യം എന്താണ് വിവാദമാകാത്തതെന്നും ചോദ്യമുണ്ട്.

ആന്ധ്രയിലെ കത്തോലിക്ക സമൂഹത്തിൽ ദളിത് ക്രൈസ്തവരും ‘ഉയർന്ന’ ജാതിക്കാരും തമ്മിൽ വലിയ വേർതിരിവ് നിലനിൽക്കുന്നുണ്ട്. താൻ ചുമതലയേറ്റതു മുതൽ തനിക്കെതിരേ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡോ. ഗെലേറ്റയുടെ ഭരണരീതികൾക്കെതിരേ നിരവധി പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. തുടർന്ന് മുംബൈയിലെ ഒരു റിട്ട. ബിഷപ്പ് വിഷയം അന്വേഷിക്കാനെത്തി. അപ്പോഴാണ് ബിഷപ്പിന് കുടുംബമുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചത്. ഇതിന് തെളിവ് നൽകാൻ അവർക്ക് കഴിഞ്ഞില്ല. തെളിവുമായി വരാൻ അദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കോടതിയിലും കേസ് നടക്കുന്നുണ്ട്. കത്ത് തന്റെത് തന്നെയാണെന്നോ അല്ലെന്നോ ബിഷപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.