രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.

രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.

പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.

ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.