വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നൽകിയിട്ടുണ്ട്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച ഏതോ സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജെസ്ന കോളേജിന് പുറത്ത് എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജെസ്നയുടെ ഒപ്പം പഠിച്ച അഞ്ച് സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിയിട്ടില്ല. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനയ്ക്ക് ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ എറ്റെടുത്തത്. തിരോധാനത്തെക്കുറിച്ച് തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയെങ്കിലും സ്ഥിരീകരണം സിബിഐ നടത്തിയിട്ടില്ല. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയിൽ കരുതിയിട്ടില്ലായിരുന്നു.

വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തിരുന്നു. എരുമേലിയിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.