ഷിബു മാത്യൂ.
ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും.
വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കേണ്ടി വരും. ഇത് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നത് കാലതാമസമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ബ്രിട്ടണിലെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനും ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കലിനെയാണ് CMl സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. മരണകാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍അവലോകനം ചെയ്യുവാനുള്ള തീരുമാനം പോലീസ് അധികൃതര്‍ ഫാ. ടെബിനെ അറിയിച്ചു.
എഡിന്‍ബര്‍ഗ് ഇന്ത്യന്‍ കൗണ്‍സിലെറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം സാധ്യമായത്.
ഫാ. മാര്‍ട്ടിന്റെ മരണത്തിന്റെ ദുരൂഹത അകറ്റുന്നതിന് സ്‌കോട്‌ലാന്റ് യാര്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പോലീസിന്റെ C l D വിഭാഗമാണ് ഫാ. മാര്‍ട്ടിന്റെ മരണവും അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരവധി വൈദീകരും നൂറ് കണക്കിന് വിശ്വാസികളും പങ്കെടുത്ത ദിവ്യബലിയും പ്രാര്‍ത്ഥനയും ഫാ. മാര്‍ട്ടിനു വേണ്ടി നടന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയുടെ നേതൃത്വത്തില്‍ ജൂലൈ 6ന് ഉച്ചതിരത്ത് അച്ചന് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷ നടക്കുന്നതായിരിക്കും. എല്ലാ വിശ്വാസ സമൂഹവും പങ്കെടുക്കണമെന്ന് എഡിന്‍ബര്‍ഗ്ഗ് രൂപതയ്ക്ക് വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി അറിയിച്ചു.
Leave a Reply