ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് :- കോവിഡ് വാക്സിൻ എടുക്കുവാൻ വിസമ്മതിച്ച പോർച്ചുഗലിലെ ഒരു കുടുംബത്തിലെ ദമ്പതികളും മകനും ഉൾപ്പെടെ മൂന്നുപേർ ഒറ്റ ആഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച ദമ്പതികളുടെ മറ്റൊരു മകനായ ഫ്രാൻസിസ് തന്റെ മാതാപിതാക്കൾ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും, ജനങ്ങളെല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോഗ്യപരമായി മോശമായ അവസ്ഥയിൽ ആയിരുന്നിട്ടു പോലും ഫ്രാൻസിസിന്റെ മാതാപിതാക്കളായ 73 വയസ്സുള്ള പിതാവ് ബേസിലും, 65 വയസ്സുള്ള മാതാവ് ഷാർമഗ്‌നും വാക്സിൻ എടുക്കുവാൻ സമ്മതിച്ചിരുന്നില്ല. ഇവരോടൊപ്പം തന്നെ 40 വയസ്സുള്ള ഫ്രാൻസിസിന്റെ സഹോദരൻ ഷോളും വാക്സിൻ എടുത്തിരുന്നില്ല. പിന്നീട് ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിലെ മൂന്ന് പേരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ജൂലൈ പന്ത്രണ്ടാം തീയതി മാതാപിതാക്കളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ ആറാം തീയതി കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്കായി ബേസിൽ ആശുപത്രി സന്ദർശിച്ചപ്പോൾ ആകാം രോഗം പടർന്നത് എന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചു രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ബേസിലിനെ ഇന്റെൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തിച്ചശേഷം മാതാപിതാക്കളുടെ പക്കൽ ഫോൺ ചാർജറുകൾ ഇല്ലാതിരുന്നതിനാൽ അവരുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല എന്ന് ഫ്രാൻസിസ് വ്യക്തമാക്കി. സഹോദരനിൽ നിന്നുമാണ് താൻ വിവരങ്ങൾ അറിഞ്ഞതെന്നും , വിവരം അറിഞ്ഞ ഉടൻ തന്നെ പോർച്ചുഗലിലേക്ക് യാത്ര ചെയ്യാനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു എന്നും ഫ്രാൻസിസ് പറഞ്ഞു. എന്നാൽ പി സി ആർ ടെസ്റ്റ് റിപ്പോർട്ട് കാത്തിരിക്കുമ്പോഴാണ്, ഷോളിന്റെ കാമുകിയുടെ ഫോൺ കോൾ ഫ്രാൻസിസിനെ തേടിയെത്തിയത്. ഷോളിനെയും കോവിഡ് പോസിറ്റീവായതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമാണ് ഫ്രാൻസിസിനു ലഭിച്ചത്. ജൂലൈ പതിനേഴാം തീയതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഷോൾ, രാത്രി ഒരു മണിയോടുകൂടി മരണപ്പെട്ടു. ദിവസവും വ്യായാമം ചെയ്തിരുന്ന വളരെയധികം ആരോഗ്യവാനായ ഒരാൾ ആയിരുന്നു ഷോൾ. വാക്‌സിൻ എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഷോളിന്റെ ജീവൻ നിലനിർത്താനാകുമായിരുന്നുവെന്ന് ഫ്രാൻസിസ് വ്യക്തമാക്കുന്നു.
ഷോൾ മരണപ്പെട്ട ശേഷം മൂന്നാമത്തെ ദിവസം പിതാവും മരണപ്പെട്ടു. ജൂലൈ 21 ന് പോർച്ചുഗലിലെത്തിയ ഫ്രാൻസിസിനെ പി പി ഇ കിറ്റ് ധരിച്ച് അമ്മയെ കാണാനുള്ള അനുവാദം ഡോക്ടർമാർ നൽകി. എന്നാൽ ജൂലൈ 24ന് അമ്മയും മരണപ്പെട്ടു. ഇപ്പോൾ വെയിൽസിൽ തിരിച്ചെത്തിയിരിക്കുന്ന ഫ്രാൻസിസ്, വാക്സിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക് പ്രചോദനം നൽകുന്നുണ്ട്. തന്റെ കുടുംബത്തിന്റെ അനുഭവം മറ്റൊരാൾക്കും വരരുതെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply