ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുകൾപെറ്റ ഇന്ത്യൻ രുചിയുടെ സ്വാദ് വിളിച്ചോതുന്ന റെസ്റ്റോറന്റുകൾ യുകെയിൽ ഒട്ടേറെയാണ്. ഇന്ത്യൻ വംശജരെ കൂടാതെ തദ്ദേശീയരായ ഇംഗ്ലീഷുകാരും ഇവിടുത്തെ നിത്യസന്ദർശകരാണ്. പല റെസ്റ്റോറന്റുകളുടെയും ഷെഫുകൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭക്ഷണത്തിൻെറ രുചി നുണയാൻ വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും എത്തിയതിന് വൻ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. ബർമിംഗ്ഹാമിലെ ശർമ്മ കുടുംബം നടത്തുന്ന ഇന്ത്യൻ സ്ട്രീറ്ററി റെസ്റ്റോറന്റിലാണ് രാജകുമാരനും രാജകുമാരിയും ഭക്ഷണം കഴിക്കാൻ എത്തിയത്.

വെയിൽസിലെ രാജകുമാരനും രാജകുമാരിയും വൈവിധ്യമാർന്ന സംസ്‌കാരവും പൈതൃകവും ആഘോഷിക്കാനാണ് നഗരത്തിൽ എത്തിയത്. രാജ്യത്തെ വിവിധ ക്രിയേറ്റീവ് വ്യവസായങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താൻ പദ്ധതിയിടുന്നതിന് ഭാഗമായാണ് ഈ സന്ദർശനം. ബർമിംഗ്ഹാമിലെ ജ്വല്ലറി ക്വാർട്ടറും ഇവർ സന്ദർശിക്കും. ആസ്റ്റൺ വില്ല ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായ വില്യമും ഭാര്യ കേറ്റും ഈ മേഖലയിലെ വളർച്ചയെ പറ്റി പഠിക്കും.

മെയ് 6 ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് രണ്ടാഴ്ച ഇരിക്കെയാണ് വില്യമിന്റെയും കേറ്റിന്റെയും ബർമിംഗ്ഹാം സന്ദർശനം. കഴിഞ്ഞ വർഷം മെയ് മാസത്തിലും വില്യം രാജകുമാരൻ ബിർമിംഗ്ഹാമിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിൽ ആൽഡ്രിഡ്ജ് റോഡിലെ ബിസിയു ഡഗ് എല്ലിസ് സ്‌പോർട്‌സ് സെന്ററിൽ സ്‌പോർട്‌സ് കീയിലെ അംഗങ്ങൾക്കൊപ്പം അദ്ദേഹം ബാഡ്മിന്റൺ കളിച്ചിരുന്നു.