അജ്മീര്‍: സ്വാതന്ത്ര്യസമര സേനാനി ലോക്മാന്യ ബാല ഗംഗാധര തിലകിനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. ബാല്‍ ഗംഗാധര തിലക് ‘ഭീകരവാദത്തിന്റെ പിതാവ് ‘ ആണെന്ന് രജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു. സോഷ്യല്‍ സ്റ്റഡീസിന്റെ 22ാം അധ്യായത്തിലാണ് വിവാദ പാഠഭാഗം. 18 ഉം 19ഉം നൂറ്റാണ്ടുകളില്‍ നടന്ന ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള പാഠത്തിലെ ഒരു ഉപ അധ്യായത്തിലാണ് തിലകിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിലേക്ക് വഴി തെളിച്ചത് തിലകാണ്. അതുകൊണ്ട് അദ്ദേഹത്തെ ‘ഭീകരവാദത്തിന്റെ പിതാവ് ‘എന്നു വിളിക്കാമെന്നും പുസ്തകത്തിലെ 267ാം പേജില്‍ പറയുന്നു.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന് കീഴിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ പുസ്തകം. മഥുരയിലെ ഒരു പ്രസാധകരാണ് പുസ്തകമിറക്കിയിരിക്കുന്നത്.

‘ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുകൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയില്ലെന്ന് തിലക് വിശ്വസിച്ചിരുന്നു. ശിവാജി, ഗണപതി ഉത്സവങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര്യം എന്ന മന്ത്രം അദ്ദേഹം കൊണ്ടുവന്നു. അതുവഴി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയെന്നും’ പുസ്തകത്തില്‍ തുടര്‍ന്ന് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുസ്തകത്തിലെ പരാമര്‍ശത്തെ അപലപിച്ച് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇത്തരം മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മുന്‍പ് ചരിത്രകാരന്മാരുമായി ആലോചിക്കുക എങ്കിലും വേണമെന്ന് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നു.

പുസ്തകത്തിന്റെ വിവാദ പേജ് ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്. തെറ്റു തിരുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിംഗ് ആവശ്യപ്പെട്ടു.

ഇതാദ്യമായാല്ല രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ മണ്ടത്തരങ്ങള്‍ കടന്നുകൂടുന്നത്. 2017ല്‍ ഹിന്ദുത്വ ആശയവാദത്തിന്റെ നേതാവ് വീര്‍ സവാര്‍ക്കറെ പുകഴ്ത്തിയ പുസ്തകം സംസ്ഥാന സിലബസ് പുറത്തിറക്കിയിരുന്നു. ഗാന്ധിയ്ക്കും നെഹ്‌റുവിനും ഈ പുസ്തകത്തില്‍ ഒരു മൂലയിലായിരുന്നു സ്ഥാനം.