അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്. ഇന്നലെത്തെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഐശ്വര്യയെയും മകൾ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതാഭും അഭിഷേകും ഇതേ ആശുപത്രിയിൽ ചികിൽസയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു. ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക.

ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് ബച്ചൻ തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിവരം സ്ഥിരീകരിച്ചു.