ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ പിതാവിനെയും രണ്ടാനമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്‌തു. പാകിസ്ഥാനിൽ നിന്ന് യുകെയിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഉർഫാൻ ഷെരീഫ് (41), ഭാര്യ ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവരെ ദുബായിൽ നിന്ന് വിമാനം ഇറങ്ങിയ ശേഷം വൈകിട്ട് 3:45 ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ , സഹോദരൻ ഫൈസൽ മാലിക് എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. 41 കാരനായ ഉർഫാൻ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാജ്യം വിട്ട് അഞ്ചാഴ്‌ചയ്ക്ക് ശേഷമാണ് മൂവരെയും ലണ്ടൻ ഗാറ്റ് വിക്ക് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തത്. ഒന്നിനും 13നും ഇടയിൽ പ്രായമുള്ള സാറയുടെ സഹോദരങ്ങൾ ഇപ്പോൾ പാകിസ്ഥാൻ സർക്കാരിൻെറ പരിചരണ കേന്ദ്രത്തിൽ ആണ്. തിങ്കളാഴ്ച പാകിസ്ഥാനിലെ ഝലമിലുള്ള ഷരീഫിന്റെ പിതാവിന്റെ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉർഫാനും പങ്കാളിക്കും സഹോദരനുമായി പാകിസ്ഥാൻ പോലീസ് ആഴ്ചകളായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിൻെറ ഭാഗമായി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉർഫാന്റെ സഹോദരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഉർഫാന്റെ പാകിസ്ഥാനിലുള്ള കുടുംബം ലാഹോർ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.
Leave a Reply