സോണി എട്ടു പറയിലച്ചൻറെ നിര്യാണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് അച്ചൻറെ മരണത്തിന് പിന്നിലുള്ള കാരണങ്ങളെന്ന് പലരും ആരോപിക്കുന്നുണ്ട് . ഈ അവസരത്തിൽ ഇടവകയിലെ മുൻ വികാരി എന്ന നിലയിൽ ഇപ്പം പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് ഫാ.ടോം പുത്തൻകുളം.

സ്നേഹമുളളവരേ,

ഏറെ സ്നേഹ ബഹുമാനപ്പെട്ട സോണി എട്ടുപറയിലച്ചന്റെ ആകസ്മികവും അപ്രതീക്ഷിതവുമായ വിടവാങ്ങൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും വൈദിക സഹോദരങ്ങളെയും പുന്നത്തുറ ഇടവകാംഗങ്ങളെയും വിശ്വാസസമൂഹം മുഴുവനെയും ഏറെ ദു:ഖത്തിലാഴ്ത്തി ബഹുമാനപ്പെട്ട അച്ചന് നിത്യശാന്തി നേർന്നുകൊള്ളുന്നു. അച്ചൻ്റെ വേർപാടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സത്യവിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി കാണുമ്പോൾ ബഹു. സോണിയച്ചൻ്റെ തൊട്ടു മുൻഗാമിയായി പുന്നത്തുറ പള്ളിയിൽ ശുശ്രൂഷ ചെയ്ത ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് ചില യാഥാർത്ഥ്യങ്ങൾ എല്ലാവരോടുമായി പങ്കുവയ്ക്കാനുണ്ട്.

സകലർക്കും ഒരുപോലെ സങ്കടക്കടൽ തീർത്ത ഈ സംഭവം പോലും കത്തോലിക്കാ സഭയെയും ചങ്ങനാശേരി അതിരൂപതയെയും പുന്നത്തുറ ഇടവകയെയും ആക്രമിക്കാൻ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുന്നവരെയോർത്ത് സഹതാപം തോന്നുന്നു.

ഞാൻ പുന്നത്തുറ പള്ളിയിൽ വികാരിയായി ചാർജ് എടുത്തത് 2019 മെയ് 28 നാണ്. 2020 ഫെബ്രുവരി 6 വരെയുള്ള എന്റെ ശുശ്രൂഷയുടെ കാലയളവിൽ അവിടെ എനിക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഒരു പള്ളിയിൽ വൈദികൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ ചെയ്യാൻ എനിക്ക് ദൈവകൃപയാൽ സാധിച്ചു. ചുരുക്കം ചില വ്യക്തികൾ മാത്രമാണ് പള്ളിയോട് സഹകരിക്കാതെ മാറി നിന്നത്. അവരുടെ വീടുകളിൽ ചെന്നപ്പോൾ പോലും അവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. ബാക്കിയെല്ലാ കുടുംബങ്ങളും വ്യക്തികളും പള്ളിത്തിരുനാൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. യഥാർത്ഥത്തിൽ, പള്ളിയിലുണ്ടായ എന്തെങ്കിലും ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലല്ല ഞാൻ അവിടെ നിന്ന് സ്ഥലം മാറുന്നത് . എൻ്റെ സഹോദരങ്ങൾ ആരും നാട്ടിൽ ഇല്ലാത്തതിനാൽ വീട്ടിൽ തനിയെ താമസിക്കുന്ന വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനും സഹായമാകുന്ന രീതിയിൽ ചങ്ങനാശ്ശേരിക്കടുത്ത് ഒരു പള്ളി തരണമെന്ന് ഞാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എനിക്ക് പുന്നത്തറയിൽ നിന്ന് മാറ്റം ലഭിക്കുന്നത്. മാത്രവുമല്ല അതിരൂപതാ കച്ചേരിയിലും, കാവുകാട്ടു പിതാവിൻ്റെയും മറ്റും നാമകരണ നടപടികൾക്കായുള്ള അതിരൂപതാ കോടതിയിലും എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിനാൽ ചങ്ങനാശേരി പ്രദേശം തന്നെയാണ് സൗകര്യപ്രദം. സത്യമിതായിരിക്കെ ഇടവകയിലെ ബുദ്ധിമുട്ടുകൾക്കൊണ്ടാണ് ഞാൻ സ്ഥലം മാറ്റം വാങ്ങിയത് എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടാകും എന്നു കരുതേണ്ടിയിരിക്കുന്നു.

ബഹു. സോണി എട്ടുപറയിൽ അച്ചൻ 2020 ഫെബ്രുവരി 6-ന് പുന്നത്തുറ പള്ളിയിൽ വന്നതും ഉത്തരവാദിത്വം ഏറ്റെടുത്തതും വളരെ സന്തോഷത്തോടെയാണ്. അച്ചൻ വളരെ നന്നായി ശുശ്രൂഷ ചെയ്ത, വെട്ടിമുകൾ ഇടവക, പുന്നത്തറയ്ക്ക് സമീപമായതിനാൽ അവരുടെ സന്ദർശനവും സപ്പോർട്ടും ലഭിച്ചിരുന്നതും അച്ചനു സന്തോഷത്തിനു കാരണമായിരുന്നു. ആദ്യത്തെ ഏതാനും ആഴ്ചകൾക്ക് ശേഷം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുപാട് ശുശ്രൂഷകൾ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചില്ല. ജൂൺ 5 – തീയതി പള്ളി പരിസരത്ത് ഉണ്ടായ തീപിടുത്തവും 4 പേർക്ക് പൊള്ളലേറ്റതുമായ അപകടം അച്ചന്റെ മനസ്സിന് വലിയ
ക്ലേശമുണ്ടാക്കി എന്ന് അവിടെയുള്ള ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനകളിൽ അവരെക്കാളേറെ ദു:ഖിക്കുന്ന ഒരു നല്ലിടയാനാണ് ബഹു.സോണിയച്ചനെന്ന് അച്ചൻ സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകകളിലെ അംഗങ്ങൾക്ക് നല്ലതുപോലെ അറിവുള്ളതാണ്. അച്ചനെ ആശ്വസിപ്പിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി ഞാനും കഴിഞ്ഞ ആഴ്ച ആ പള്ളിയിൽ പോയതാണ് . ഈ കാലയളവിൽ അതിരൂപതാ കേന്ദ്രത്തിൽ നിന്നും അഭിവന്ദ്യ പിതാക്കന്മാരും ജനറാൾ അച്ചന്മാരും സുഹൃത്തുക്കളായ വൈദികരും പലവട്ടം അച്ചനെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്നത് പള്ളിയോട് ചേർന്ന് ശുശ്രൂഷ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. (സംശയമുള്ളവർക്ക് പള്ളിക്കാര്യത്തിൽ നിന്ന് അനുവദിക്കുമെങ്കിൽ പള്ളിയിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്.) മാത്രവുമല്ല പള്ളിയിൽ നിന്ന് മാറി നിൽക്കുന്നതിനും സുഹൃത്തുക്കളായ വൈദികരുടെ കൂടെ താമസിക്കുന്നതിനും അച്ചനോട് അതിരൂപതാ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശിക്കുകയും ചെയ്തതാണ് . അതിരൂപതാ കേന്ദ്രത്തിൽ നിന്നുള്ള വിവരം അനുസരിച്ച് ബഹു.സോണിയച്ചൻ, മരണ ദിവസമായ ജൂൺ 21ഞായറാഴ്ച മാത്രമാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. അതിന് മുമ്പ് ഈ തീപിടുത്ത അപകടശേഷം അച്ചൻ അതിരൂപതാ കേന്ദ്രത്തിൽ എത്തി അഭിവന്ദ്യ പിതാക്കൻമാരോട് സംസാരിച്ചിട്ടില്ല.

അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാൻ ബഹു. സോണിയച്ചൻ്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാണ് പുന്നത്തറ ഇടവകകാംഗവും ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികനുമായ റവ.ഫാ. സാബു ആലക്കൽ Cmi തൻ്റെ ബന്ധുക്കളായ 14 പേരോട് സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹം ഇപ്രകാരം ധാരാളം പേരെ സഹായിക്കുന്ന വ്യക്തിയാണ്. സർക്കാർ നിയമപ്രകാരം സ്ഥാപനങ്ങൾക്കും മറ്റും വിദേശ സഹായം സ്വീകരിക്കുവാൻ FCRA അക്കൗണ്ട്കളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇടവകയ്ക്ക് ഇപ്രകാരമുള്ള അക്കൗണ്ട് ഇല്ലാതിരുന്നതിനാലാണ് അതിരൂപതയുടെ അക്കൗണ്ടിനെ ആശ്രയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ചന്റെ മരണവുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ ഇടവകയോട് വിരുദ്ധ നിലപാടിൽ നിൽക്കുന്ന ഏതാനും പേർ മാത്രം പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്. അവ തുടർച്ചയായി ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിൽ തെറ്റിധാരണ പരത്തുകയാണ്.

പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ മരണത്തിന് പ്രധാന കാരണം എന്ന് ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഞാൻ അവിടെയായിരുന്ന കാലയളവിൽ ഒരിക്കൽപോലും പള്ളിക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മാത്രവുമല്ല വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണത്തിനു ശേഷവും നിശ്ചിത തുക അവിടെ നീക്കിയിരിപ്പ് ഉണ്ടായിരുന്നു. സാമ്പത്തിക സുസ്ഥിരതയുള്ള ഒരു ഇടവകയാണ് ഇതെന്ന് മുൻ വികാരിമാർ എല്ലാവരും ഒരുപോലെ സമ്മതിക്കും.

രണ്ടു വർഷം മുമ്പ് നടന്ന മദ്ബഹാ നവീകരണവുമായി ബന്ധപ്പെട്ട് ഇടവകയിൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെയില്ല. ചുരുക്കം ചിലർ ഇപ്പോഴും എതിര് നിൽക്കുന്നുണ്ട് എന്നതു ശരിയാണ്. ഇതു സംബന്ധിച്ച് കോട്ടയം മുൻസിഫ് കോടതിയിൽ ഉണ്ടായിരുന്ന കേസ് പള്ളിക്ക് അനുകൂലമായി ഇടക്കാല വിധി കൽപ്പിക്കപ്പെട്ടതും ആരും അപ്പീൽ പോയിട്ടില്ലാത്തതുമാണ്.
ആയതിനാൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നത് ഗൗരവമായ കുറ്റം തന്നെയാണ്.

ബഹുമാനപ്പെട്ട സോണിയച്ചനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ സത്യവിരുദ്ധമായ പ്രസ്താവനകളിൽ നിന്നും ശ്രവണങ്ങളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അച്ചന്റെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കട്ടെ. നിയമപരവും നീതിപൂർണ്ണവുമായ അന്വേഷണത്തെ ചങ്ങനാശേരി അതിരൂപത എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളൂ. തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. യഥാർത്ഥത്തിൽ വേദനിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് അച്ചൻ്റെ കുടുംബാംഗങ്ങളെ ഈശോ ആശ്വസിപ്പിക്കട്ടെ.

സസ്നേഹം
പുന്നത്തുറ വെളളാപ്പള്ളി സെൻ്റ് തോമസ് ഇടവകയുടെ മുൻവികാരി

ഫാ. ടോം പുത്തൻകളം