യെമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതനായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പരിശ്രമിച്ചവരുടെ അവകാശ വാദങ്ങള്‍ ഉച്ചത്തില്‍ ഉയരുമ്പോഴും എങ്ങനെ മോചനം സാധ്യമായെന്നോ മോചിതനായ വൈദികന്‍ എങ്ങോട്ട് പോയെന്നോ പോലും പറയാന്‍ അവകാശികള്‍ക്ക് കഴിയുന്നില്ല . മോചനത്തിന് സഹായകമായത് നയതന്ത്ര ഇടപെടലാണോ മോചന ദ്രവ്യമാണോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ് . ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മോചന ദ്രവ്യം നല്‍കിയാണ്‌ ഫാ . ടോമിനെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് . അങ്ങനെയെങ്കില്‍ അതില്‍ നയതന്ത്രം എവിടെ ? ഒരു കാര്യം ഉറപ്പാണ്  ഒമാന്‍ രാജാവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത് . അതിനു അദ്ദേഹത്തോട് നന്ദി പറയാതെ വയ്യ . എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ ഇടപെടലിനെപ്പോലും വിസ്മരിക്കുന്ന തരത്തിലായി മാറുകയാണോ എന്ന്‍ സംശയിക്കേണ്ടി വരും .

കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉള്‍പ്പെടെയുള്ളവരുടെ ചില പ്രതികരണങ്ങള്‍ അത്തരം സംശയങ്ങള്‍ ജനിപ്പിക്കുന്നതുമാണ്‌ . ഫാ . ടോമിനെ തട്ടിക്കൊണ്ടു പോയ ഭീകരരുടെ ആവശ്യം മോചനദ്രവമായിരുന്നു . തീവ്രവാദികള്‍ മോചനദ്രവമായി ആവശ്യപ്പെട്ടത് ഏകദേശം 240 കോടി രൂപയാണ് . ഇതിൽ 64 കോടി രൂപ തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നാണ് സൂചന. തീവ്രവാദികളുമായി നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഒമാൻ സർക്കാരായിരുന്നു . എന്നാല്‍ തുക നല്‍കിയത് വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഇക്കാര്യം ആരും പുറത്തു പറയുകയുമില്ല. ഏതായാലും വത്തിക്കാന്റെ ഇടപടിലിൽ ഒമാൻ നടത്തിയ നീക്കമാണ് ഫലം കാണുന്നത് എന്ന് തന്നെയാണ് സൂചന .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണം നല്‍കിയാണ്‌ മോചനമെങ്കില്‍ അതില്‍ നയതന്ത്രം എവിടെ ?  കാരണം ഫാ . ടോം ഉഴുന്നാലില്‍ മോചിതനായ വിവരം ഇന്ത്യന്‍ എംബസി പോലും മോചനത്തിന് ശേഷമാണ് അറിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നയതന്ത്ര ഇടപെടല്‍ വഴിയായിരുന്നു മോചനമെങ്കില്‍ അദ്ദേഹത്തിന്‍റെ മോചനം മുതല്‍ അദ്ദേഹത്തെ നാട്ടില്‍ എത്തിക്കുന്നതുവരെയുള്ള എല്ലാ നിയന്ത്രണങ്ങളും ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാകുമായിരുന്നു . എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ് . സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ . ടോമിനെ കൊണ്ടുപോകുന്നത് വത്തിക്കാനിലേയ്ക്കാണ് എന്ന് പറയുന്നത് വരെ അദ്ദേഹം എവിടേയ്ക്ക് പോകുന്നു എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയില്ലായിരുന്നു . വത്തിക്കാനില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് എത്തിച്ച ശേഷം വിദഗ്ദ ചികിത്സയ്ക്ക് വിധേയനാക്കിയ ശേഷം മാത്രമേ അദ്ദേഹത്തെ നാട്ടിലേയ്ക്ക് അയക്കൂ എന്നാണു നിലവില്‍ ലഭിക്കുന്ന സൂചന . ഇപ്പോള്‍ അദ്ദേഹത്തിനാവശ്യം ചികിത്സയാണത്രേ.  അതിനാല്‍ തന്നെ രാജ്യത്തിനു നാണക്കേടായി മാറിയ ഒരു തട്ടിക്കൊണ്ടുപോകല്‍ ഇടപാടില്‍ ഫലപ്രദമായി ഇടപെട്ടു ബന്ദിയാക്കപെട്ട ആളെ മോചിപ്പിക്കാന്‍ കഴിയാത്തവര്‍ പിന്നെ അവകാശ വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്നതില്‍ കാര്യമില്ല എന്നതാണ് വസ്തുത . ബാക്കിയൊക്കെ ഫാ . ടോമിന്‍റെ സഹോദരന്‍റെ പ്രതികരണത്തില്‍ വ്യക്തമാണ് .