ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ബ്രിസ്റ്റോള്‍:പരിശുദ്ധ അമ്മയുടെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫാത്തിമ തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒരുമിച്ച് ജൂലൈ 24 തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നും ഒരുമിച്ചു ലിസ്ബണിലേക്കു യാത്ര തിരിക്കും. രൂപത വികാരി ജനറല്‍ റവ .ഡോ. മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജി തോട്ടത്തില്‍, റവ .ഫാ.ജോയി വയലില്‍, റവ. ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ഥാടക സംഘം യാത്ര തിരിക്കുന്നത്.

ഇരുപത്തിനാലിനു വൈകുന്നേരം ഫാത്തിമയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മെഴുകുതിരി പ്രദിക്ഷിണത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. ഇരുപത്തി അഞ്ചിന് രാവിലെ അഭിവന്ദ്യ പിതാവ് ഫാത്തിമായിലെ ഹോളി ട്രിനിറ്റി ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മറ്റുള്ള വൈദികര്‍ സഹകാര്‍മ്മികര്‍ ആകും, മൂന്നു മണിക്ക് വിശുദ്ധ കുരിശിന്റെ വഴി, വൈകിട്ട് ഒന്‍പതു മുപ്പതിന് നടക്കുന്ന ജപമാല അര്‍പ്പണത്തിലും മെഴുകുതിരി പ്രദക്ഷിണത്തിലും സംഘം പങ്കു ചേരും, ഈ തിരുകര്‍മ്മങ്ങള്‍ ക്കിടയില്‍ മലയാളത്തിലുള്ള ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. ഇരുപത്തി ആറിന് രാവിലെ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ലൂസിയ, ഫ്രാന്‍സിസ്‌കോ, ജെസ്സീന്ത എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളും വിശുദ്ധ ദേവാലയങ്ങളും സന്ദര്‍ശിക്കും.

യാത്രയുടെ അവസാന ദിവസമായ ഇരുപത്തി ഏഴാം തീയതി ലിസ്ബണിലെ വിവിധ പ്രദേശങ്ങളും, വിശുദ്ധ ദേവാലയങ്ങളും സന്ദര്‍ശിച്ച ശേഷം വൈകിട്ട് തിരിച്ചു പോരും. ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപതയുമായി സഹകരിച്ചു ന്യൂ കാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിജോ മാധവപ്പള്ളില്‍ നേതൃത്വം കൊടുക്കുന്ന ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് ആണ് തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്.