ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.
ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Leave a Reply