ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..

14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.

ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.