ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മദർവെൽ : സ്കോട്ടിഷ് പത്രപ്രവർത്തകയും എഴുത്തുകാരിയും ആയ ഡെബോറ ഓർ അന്തരിച്ചു. 57 വയസ്സായിരുന്നു. ദി ഗാർഡിയൻ, ഇൻഡിപെൻഡന്റ് തുടങ്ങിയ പത്രങ്ങളിലെ എഴുത്തുകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച ഡെബോറ ഓറിന്റെ മരണം സ്തനാർബുദത്തെ തുടർന്നായിരുന്നു. 1962 സെപ്റ്റംബർ 23ന് സ്കോട്ലൻഡിലെ മദർവെല്ലിൽ ജനിച്ച ഓർ , 1980കളിൽ ആണ് പത്രപ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത്. 1990ൽ ഗാർഡിയനിൽ ചേർന്നു. 30 വയസ്സ് തികയുംമുമ്പ് തന്നെ ഗാർഡിയന്റെ വാരാന്ത്യപ്പതിപ്പിന്റെ ആദ്യ വനിതാ എഡിറ്റർ ആയി. 1997ൽ ആയിരുന്നു സഹപ്രവർത്തകനായ വിൽ സെൽഫുമായുള്ള വിവാഹം. 1999 മുതൽ 2009 വരെ ഇൻഡിപെൻഡന്റിനായും ജോലി ചെയ്തിരുന്നു. 2018ൽ ഐ പത്രത്തിൽ ചേർന്നു. ഇവാൻ, ലൂഥർ എന്നിവർ മക്കളാണ്. 2010ൽ ആണ് ഓർ രോഗബാധിതയാവുന്നത്. തുടർന്ന് ചികിത്സയിലായിരുന്നു.
ഏറ്റവും ബുദ്ധിമതിയും നിർഭയയുമായ പത്ര പ്രവർത്തകയെന്നാണ് ഓറിന്റെ സുഹൃത്തും പത്രപ്രവർത്തകയുമായ കാതറിൻ ബെന്നറ്റ് ഓറിനെ വിശേഷിപ്പിച്ചത്. ഡെബോറ ഓറിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ഗാർഡിയൻ കോളമിസ്റ്റ് ഓവൻ ജോൺസ് കുറിച്ചു. 2018ൽ അവൾ തന്റെ ആദ്യ പുസ്തകം, ഒരു ഓർമ്മക്കുറിപ്പ് എഴുതാനുള്ള കരാർ ഒപ്പിട്ടു. അടുത്ത വർഷം ആദ്യം ഇത് പ്രസിദ്ധീകരിക്കും. വാരാന്ത്യത്തിന്റെ പത്രാധിപയായിരിക്കെ, ഭയം കൂടാതെ അനേകകാര്യങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ ധീരയായ ഓറിലൂടെയാണ് ഗാർഡിയൻ ശക്തിപ്പെട്ടത്. പത്രപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഡെബോറ ഓർ വിടവാങ്ങുമ്പോൾ അത് പത്രപ്രവർത്തകർക്കെന്നപോലെ വായനക്കാർക്കും തീരാനഷ്ടമാണ്. അനേകം എഴുത്തുകാരും പത്രപ്രവർത്തകരും ഓറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Leave a Reply