ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂൾ : ഐടിവിയുടെ പുതിയ പരമ്പരയായ ‘കം ഡൈൻ വിത്ത് മീ: ദി പ്രൊഫഷണൽസിൽ’ മലയാളി ദമ്പതികളുടെ റസ്റ്ററന്റ്. സാബുജി റോക്കി, ജിഷ സാബുജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘കേരള കിച്ചൺ സൗത്ത് ഇന്ത്യൻ റസ്റ്ററന്റ് & ബാർ’ ആണ് മലയാളികളുടെ അഭിമാനമാകുന്നത്. അപ്‌ടണിലെ ആരോ പാർക്ക് റോഡിലാണ് കേരള കിച്ചൺ. ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ചാനൽ 4ലാണ് പരിപാടി സംപ്രേഷണം ചെയ്യുക. 2006-ൽ സ്ഥാപിതമായ കേരളാ കിച്ചൺ, നോർത്ത് വെസ്റ്റിൽ കേരള സംസ്‍കാരവും തനത് രുചികളും പകർന്നു നൽകുന്നു. ആദ്യ ദിവസം തന്നെ മികച്ച സ്വീകാര്യത നേടിയ റസ്റ്ററന്റ് വളരെ പെട്ടെന്ന് ആളുകൾക്ക് പ്രിയപ്പെട്ടതായി മാറി. രുചികരമായ, ഗുണനിലവാരമുള്ള ഭക്ഷണമാണ് കേരള കിച്ചൺ വിളമ്പുന്നത്. ഓണം, വിഷു, ദീപാവലി എന്നീ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി പ്രാദേശിക സമൂഹത്തിന്റെ വലിയൊരു ഭാഗം ഇവിടെ ഒത്തുചേരുന്നു.

സൗത്ത് ഇന്ത്യൻ പാചകരീതികളിൽ നേടിയ വൈദഗ്ദ്ധ്യമാണ് ഈ റസ്റ്ററന്റിന്റെ വിജയകാരണങ്ങളിൽ ഒന്ന്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ ആകർഷിക്കുന്ന മെനു ഇവിടുത്തെ പ്രത്യേകതയാണ്. അലർജി രഹിത ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. യഥാർത്ഥ കേരള രുചിയെപ്പറ്റി പറയുമ്പോൾ മെർസിസൈഡിലുടനീളം പലരുടെയും ആദ്യ തിരഞ്ഞെടുപ്പ് ഈ ‘കേരള അടുക്കള’യാണ്.

സാബുജിയോടും ജിഷയോടും ഒപ്പം മകൻ പ്രണവ് റോക്കി സാബുജി, മകൾ ആതിര ഇല സാബുജി, മാനേജർ റോബിൻ പോൾ വർഗീസ്, ജീവനക്കാരായ ബിജോയ് മാത്യു, മനോജ് കുര്യൻ എന്നിവർ ഷോയിൽ ഉൾപ്പെടുന്നു. മൂന്നു ദിവസങ്ങളിലായാണ് ചിത്രീകരണം നടന്നതെന്ന് സാബുജി പറഞ്ഞു. രാവിലെ 8 മണിക്ക് ആരംഭിച്ച് അർദ്ധരാത്രിയോടെയാണ് അവസാനിച്ചതെങ്കിലും പുതിയ അനുഭവത്തിന്റെ ഓരോ നിമിഷവും ഞങ്ങൾ നന്നായി ആസ്വദിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ പരിപാടിയിൽ, മൂന്ന് പ്രൊഫഷണൽ ജോഡികൾ പരസ്പരം 3 കോഴ്‌സ് മീൽ പാകം ചെയ്യും. പാചകം മാത്രമല്ല, വിനോദവും ഉണ്ട്. മൂന്ന് ഡിന്നർ പാർട്ടികൾക്കും ശേഷം ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ജോഡി വിജയിയായി തിരഞ്ഞെടുക്കപ്പെടും. ഓരോ എപ്പിസോഡും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. ലിവർപൂൾ എപ്പിസോഡിലാണ് ഇവർ പ്രത്യക്ഷപ്പെടുക. “ഞങ്ങളുടെ പാചകവും വിനോദവും ഹോസ്റ്റിംഗും തീർച്ചയായും പ്രോഗ്രാമിന്റെ കാഴ്ചക്കാരെ ആകർഷിക്കും.” സാബുജി ഉറപ്പ് പറയുന്നു. 2022 മാർച്ചിലാണ് പുതിയ സീരീസിൽ പങ്കെടുക്കാനായി കേരള കിച്ചണിന് ഐടിവിയുടെ ക്ഷണം ലഭിച്ചത്. 2005 ജനുവരി 10 മുതൽ ചാനൽ 4-ൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് റിയാലിറ്റി സീരീസാണ് കം ഡൈൻ വിത്ത് മി. അതിന്റെ പുതിയ പതിപ്പായ കപ്പിൾസ് കം ഡൈൻ വിത്ത് മീ 2014-ൽ സമാരംഭിച്ചു.

ഉപഭോക്താക്കളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായാണ് കേരള കിച്ചൺ കാണുന്നത്. ഇതുകൂടാതെ, നിരവധി പ്രാദേശിക ചാരിറ്റി പരിപാടികൾ വർഷംതോറും വിജയകരമായി നടത്തപ്പെടുന്നു. ജൂലായ് 15 ന് ബിഗ് സ്‌ക്രീനിൽ തങ്ങളെ കാണുന്നതിന്റെ ആവേശത്തിലാണ് ദമ്പതികൾ. ഡൈൻ ഇൻ, ടേക്ക് ഔട്ട് സൗകര്യങ്ങളുമായി ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ റസ്റ്ററന്റ് പ്രവർത്തിക്കുന്നു. ഗുണനിലവാരത്തിനും ശുചിത്വത്തിനും പേരുകേട്ട 5-സ്റ്റാർ റസ്റ്ററന്റ്, കേരള നാടിന്റെയും രുചിയുടെയും മഹത്വം വിളിച്ചോതി ജൈത്രയാത്ര തുടരുകയാണ്.