സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീത്തിലിയിലെ സെന്റ്. ആന്‍സ് കാത്തലിക് ദേവാലയത്തില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് റവ. ഫാ. ഷോണ്‍ എലിയറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാറ്റിന്‍ റൈറ്റില്‍ ആഘോഷമായ ദിവ്യബലി നടന്നു. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആരംഭിച്ച തിരുകര്‍മ്മള്‍ക്ക് മുന്നോടിയായി ഭാരത വിശുദ്ധയുടെ ജീവിത ചരിത്രം ഫാ. ഷോണ്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പ്രാദേശികരുള്‍പ്പെടെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലേയ്ക്ക് പ്രദക്ഷിണമാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധയുടെ രൂപത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

ഭാരതത്തിലെ ആദ്യ വിശുദ്ധയോടുള്ള ഭക്തിസൂചകമായി വത്തിക്കാന്‍ സ്‌ക്വയറില്‍ ആദ്യമായി ആലപിച്ച ഗാനം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വീണ്ടും മുഖരിതമായി. കീത്തിലി മലയാളി സമൂഹം ഒന്നായി ആലപിച്ച മലയാളഗാനത്തിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് പ്രാദേശീക സമൂഹം സ്വീകരിച്ചത്.

2001 ന്റെ ആരംഭ ദിശയിലാണ് കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് ആദ്യമെത്തിയത്. 2008 അവസാനത്തോടെ അത് അമ്പതോളം കുടുംബങ്ങളായി ഉയര്‍ന്നു. പിന്നീട് 2020 മുതലാണ് മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചത്. ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ യോര്‍ക്ഷയറിലെ കൊച്ചു ഗ്രാമമായ കീത്തിലിയിലെത്തിക്കഴിഞ്ഞു. NHS ന്റെ ഭാഗമായ ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ കേന്ദ്രമായാണ് എല്ലാവരും ജോലി ചെയ്യുന്നത്.

നാടുവിട്ട് പുതുതായി കീത്തിലിയില്‍ എത്തിയ മലയാളികള്‍ക്ക് ജാതിമതഭേദമെന്യേ ആശ്രയമായി നിലകൊണ്ട ആദ്ധ്യാത്മിക ഭവനമാണ് കീത്തിലി സെന്റ് ആന്‍സ് ദേവാലയം. തുടക്കത്തില്‍ ഉണ്ടായിരുന്ന ഫാ. ഷോണ്‍ ഗില്ലിഗണും പിന്നീടെത്തിയ കാനന്‍ മൈക്കിള്‍ മക്രീടിയും മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി മുന്നോട്ടുവന്നു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വൈദീകര്‍ തല്പരരായിരുന്നു. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും മലയാളികള്‍ക്കായി പിന്നീട് നടത്തപ്പെട്ടു. സെന്റ് ആന്‍സ് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്. സ്‌കൂളും കീത്തിലിയിലെത്തിയ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ആശ്വാസമായി നിലകൊണ്ടു.

2010 ല്‍ കാനന്‍ മൈക്കിള്‍ മക്രീഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍, അക്കാലത്ത് കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന റവ. ഫാ. സജി തോട്ടത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നൊവേന പ്രാര്‍ത്ഥനകളും തിരുന്നാളുകളും കാലാകാലങ്ങളില്‍ നടത്തിയിരുന്നു. ലീഡ്‌സ് രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ ലീഡ്‌സിലേയ്ക്ക് മാറ്റിയെങ്കിലും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വളെരെ ലളിതമായി സെന്റ് ആന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്, സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. മാത്യൂ മുളയൊലില്‍ എന്നിവര്‍ കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ച അള്‍ത്താര സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.